തൊടുപുഴ: കടയിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ എക്‌സൈസ് സംഘം പിടികൂടി. കാഞ്ഞിരമറ്റം മുണ്ടയ്ക്കൽ നാസറിന്റെ പലചരക്ക് കടയിൽ നിന്നാണ് 377 പായ്ക്കറ്റ് പാൻ മസാല ഉത്പന്നങ്ങൾ പിടികൂടിയത്. തൊടുപുഴ എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.പി. സുധീപ് കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. വീടിനോടു ചേർന്നുള്ള കടയിൽ നിന്നും പിന്നിലെ മുറിയിൽ നിന്നുമാണ് പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. 10 രൂപയ്ക്ക് വാങ്ങുന്ന ഒരു പാക്കറ്റ് പാൻമസാല ഇയാൾ 50 രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നതെന്നു എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറിയുമായി വരുന്ന ലോറിയിലാണ് ഇവ എത്തിക്കുന്നതെന്നാണ് ഇയാൾ എക്‌സൈസിനു നൽകിയ മൊഴി. പിഴ ഈടാക്കിയ ശേഷം നാസറിനെ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വെങ്ങല്ലൂർ ഭാഗത്ത് രണ്ട് കേന്ദ്രങ്ങളിൽ നിന്നായി നിരോധിത പുകയില ഉൽപന്നങ്ങൾ എക്‌സൈസ് പിടികൂടിയിരുന്നു.