തൊടുപുഴ: കെ.പി.സി.സി ആഹ്വാന പ്രകാരം ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ 22 മുതൽ ഏപ്രിൽ നാല് വരെ പദയാത്ര നടത്തും. 22ന് വണ്ണപ്പുറത്ത് നിന്ന് ആരംഭിച്ച് ഏപ്രിൽ നാലിന് നെടുങ്കണ്ടത്ത് സമാപിക്കും. ഇതോടൊപ്പം കെ.പി.സി.സി ഫണ്ടും ഒരോ പഞ്ചായത്തിൽ നിന്ന് ഡി.സി.സി. പ്രസിഡന്റ് ഏറ്റുവാങ്ങും. വണ്ണപ്പുറത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നെടുങ്കണ്ടത്ത് സമാപന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പൗരത്വ ദേശീയ നിയമം പിൻവലിക്കണമെന്നാവശ്യപ്പെടുന്ന ഭീമഹർജിയുടെ ഒപ്പു ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. 1964 ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒപ്പശേഖരണം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണഗോപാൽ ഉദ്ഘാടനം ചെയ്യും. മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം. സുധീരൻ, എം.എം. ഹസ്സൻ തുടങ്ങിയവർ പങ്കെടുക്കും. മാർച്ച് ഏഴിന് രാവിലെ 11ന് നെടുങ്കണ്ടം, ഉടുമ്പൻചോല, ചെറുതോണി, കട്ടപ്പന, കുമളി, പെരുവന്താനം, അടിമാലി, തൊടുപുഴ, കരിമണ്ണൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലേക്കും എട്ടിന് 11ന് മൂന്നാർ പൊലീസ് സ്റ്റേഷനിലേക്കും മാർച്ച് നടത്തും. ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിച്ച യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. റോയി കെ പൗലോസ്, ഇ.എം. ആഗസ്തി, അഡ്വ. എസ്. അശോകൻ, പി.പി. സുലൈമാൻ റാവുത്തർ, സി.പി. മാത്യു, എം.കെ. പുരുഷോത്തമൻ, ആർ. ബാലൻ പിള്ള, ജോർജ്ജ് ജോസഫ് പടവൻ, ജോയി വെട്ടിക്കുഴി എന്നിവർ പങ്കെടുത്തു.