തൊടുപുഴ: രോഗിയുമായി പോയ ആംബുലൻസിനെമുക്കാൽ മണിക്കൂറോളം കടത്തിവിടാതിരുന്ന കാറുകാരനെതിരെ പരാതി.

കാഞ്ഞിരപ്പള്ളി രജിസ്‌ട്രേഷനിലുള്ള കാറുടമയ്‌ക്കെതിരെയാണ് ആംബുലൻസ് ഉടമ പുതുപ്പരിയാരം മുട്ടത്തുശേരിൽ എം.കെ. അനീഷ് പരാതി നൽകിയത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കുറവിലങ്ങാട് ചക്കാലമറ്റം സ്വദേശിയായ രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് പാലാ ബൈപാസിൽ ബ്രേക്ക് ഡൗണായി. തുടർന്ന് അവിടെ സർവീസ് നടത്തുന്ന ഹരിത എന്ന ഐ.സി.യു ആംബുലൻസിലേക്ക് മാറ്റി ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് യാത്ര തുടർന്നു. ഏഴേ മുക്കാലോടെ തൊടുപുഴ ടൗൺ കഴിഞ്ഞപ്പോഴാണ് കാർ മുന്നിൽ വന്ന് പ്രശ്‌നമുണ്ടാക്കി തുടങ്ങിയത്.
കാർ ലൈറ്റ് തെളിയിച്ച് മുന്നിൽ വന്ന് മാർഗ തടസം സൃഷ്ടിച്ചു. മറികടകടന്ന് പോകാൻ ആംബുലൻസ് ശ്രമിക്കുമ്പോഴൊക്കെ കാർ വിലങ്ങി നിന്നു. കാറിൽ ആംബുലൻസ് ഇടിക്കാതിരിക്കാൻ സഡൻ ബ്രേക്ക് ഇടുന്നതിനിടെ രോഗിയുടെ ബന്ധുവിന്റെ തല വാഹനത്തിന്റെ മുന്നിലിടിച്ചു. പെരുമ്പാവൂർ സിഗ്‌നലിന്റെ തൊട്ടുമുമ്പ് വരെ കാർ മാർഗതടസം സൃഷ്ടിക്കുന്ന ദൃശ്യങ്ങൾ ആംബുലൻസിന്റെ മുമ്പിലുള്ള സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ആംബുലൻസിലുണ്ടായിരുന്ന രോഗിയുടെ ബന്ധു പെരുമ്പാവൂർ പൊലീസിനെ അപ്പോൾ തന്നെ വിവരമറിയിച്ചിരുന്നു. ആശുപത്രിയിലെത്തി പൊലീസ് ബന്ധുവിനോടും ആംബുലൻസ് ഡ്രൈവറോടും വിവരങ്ങൾ തിരക്കിയിരുന്നു. തുടർന്ന് ആംബുലൻസ് ഉടമ അനീഷ് സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം തൊടുപുഴ ജോയിന്റ് ആർ.ടി.ഒ ഓഫീസിൽ പരാതി നൽകി. പരാതി കാഞ്ഞിരപ്പള്ളി ആർ.ടി.ഒയ്ക്ക് കൈമാറി.