homestay

 കൈയേറിയയാൾ ഒളിവിൽ
കട്ടപ്പന: വിനോദസഞ്ചാര കേന്ദ്രമായ കല്യാണത്തണ്ടിലെ സർക്കാർ ഭൂമി കൈയേറി നിർമിച്ച കോട്ടേജ് സർക്കാരിലേക്ക് ഏറ്റെടുത്തു. കട്ടപ്പന വില്ലേജിലെ ബ്ലോക്ക് നമ്പർ 60ൽ റീസർവേ നമ്പർ 17ൽ ഉൾപ്പെട്ട ഒന്നര സെന്റ് ഭൂമിയാണ് വെള്ളയാംകുടി തെക്കേവയലിൽ ജോബി കൈയേറി കോട്ടേജ് നിർമിച്ചത്. 2018 ജൂണിൽ ഭൂമി ഏറ്റെടുക്കാൻ ഉത്തരവായിരുന്നെങ്കിലും ബുധനാഴ്ച കട്ടപ്പന വില്ലേജ് ഓഫീസർ ജയ്‌സൺ ജോർജ് ഉൾപ്പെടുന്ന സംഘം കോട്ടേജ് തുറന്ന് നടപടികൾ പൂർത്തിയാക്കിയ ശേഷം പുറത്ത് സർക്കാരിന്റെ ബോർഡും പതിപ്പിച്ചു. 2018ലാണ് ജോബി കല്യാണത്തണ്ടിലെ ഭൂമി കൈയേറി കോട്ടേജ് നിർമാണം പൂർത്തീകരിച്ചത്. ഇതു സംബന്ധിച്ച പരാതിയിൽ റവന്യു സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും കേരള ഭൂസംരക്ഷണ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തു. തുടർന്ന് സർവേയർ സ്ഥലം അളന്നു തിട്ടപ്പെടുത്തി ഇടുക്കി തഹസിൽദാർക്ക് റിപ്പോർട്ട് നൽകി. 2018 ജൂണിൽ സ്ഥലം ഒഴിപ്പിക്കാൻ തഹസിൽദാർ ഉത്തരവിട്ടിരുന്നു. എന്നാൽ റവന്യൂ ഉദ്യോഗസ്ഥർക്ക് കോട്ടേജ് തുറക്കാൻ കഴിഞ്ഞില്ല. ഇതിനിടെ ജോബി ഉത്തരവിനെതിരെ ആർ.ഡി.ഒയ്ക്ക് നൽകിയ അപ്പീൽ തള്ളിയതോടെ കട്ടപ്പന ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇതോടെ ഒഴിപ്പിക്കൽ നടപടികൾ നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞമാസം കലക്‌ട്രേറ്റിൽ നടന്ന സ്യൂട്ട് കോൺഫറൻസിൽ കേസ് ശ്രദ്ധയിൽപെട്ട കളക്ടർ കോട്ടേജ് ഏറ്റെടുക്കാൻ തഹസിൽദാർക്ക് നിർദേശം നൽകി. ഇതിനിടെ ഹോംസ്‌റ്റേയിൽ വൈദ്യുതി കണക്ഷനും കട്ടപ്പന നഗരസഭയിൽ നിന്നു വീട്ടുനമ്പരും സമ്പാദിച്ചിരുന്നു. ഇതുസംബന്ധിച്ച് കട്ടപ്പന വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജോബിക്കെതിരെ ക്രിമിനൽ കേസെടുക്കാൻ തഹസിൽദാർ പൊലീസിനു നിർദേശം നൽകി. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരസഭ വീട്ടുനമ്പരും കെ.എസ്.ഇ.ബി. വൈദ്യുതി കണക്ഷനും റദ്ദാക്കി. തുടർന്ന് ബുധനാഴ്ച വില്ലേജ് ഓഫീസറും സംഘവും കോട്ടേജ് തുറന്ന് ഏറ്റെടുക്കൽ നടപടി പൂർത്തീകരിച്ചു. ഒന്നര സെന്റ് സ്ഥലത്ത് ഹാൾ, കിടപ്പുമുറി, അടുക്കള, ബാത്ത്‌റൂം എന്നീ സൗകര്യങ്ങളോടെയാണ് കോട്ടേജ് നിർമിച്ചത്. ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ജോബി ഒളിവിലാണ്.