anganvadi

കട്ടപ്പന: നൂറുകണക്കിനു കുരുന്നുകളെ അക്ഷരമുറ്റത്തേയ്ക്ക് കൈപിടിച്ചുകൊണ്ടുവന്ന കട്ടപ്പന സ്വദേശിനി ഉഷ എൻ.കെയ്ക്ക് മികച്ച അംഗൻവാടി അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം. കട്ടപ്പന സുവർണഗിരി അംഗൻവാടിയിലെ മൂന്നുപതിറ്റാണ്ടിന്റെ അധ്യാപക സപര്യയ്ക്കുള്ള അംഗീകാരമാണ് ഉഷയ്ക്ക് ലഭിച്ച സംസ്ഥാന പുരസ്‌കാരം. 26 കുരുന്നുകളാണ് ഇപ്പോൾ അംഗൻവാടിയിലുള്ളത്.
1990ൽ കട്ടപ്പന ഐ.സി.ഡി.എസ്. പ്രോജക്ട് ആരംഭിച്ചപ്പോൾ ഉഷയും സുവർണഗിരി അംഗൻവാടിയിൽ നിയമിതയായി. തുടർന്ന് 30 വർഷമായി അംഗൻവാടിയുടെ പ്രവർത്തനങ്ങൾ മികച്ചരീതിയിൽ മുന്നോട്ടുകൊണ്ടുപോകുകയാണ്. കളിചിരികൾക്കും പഠനത്തിനുമപ്പുറം മാതൃവാത്സല്യത്തോടെ കുരുന്നുകളെ പോറ്റിവരുന്ന ഉഷ ടീച്ചർ രക്ഷിതാക്കൾക്കും പ്രിയങ്കരിയാണ്.
അംഗൻവാടിയുടെ പ്രവർത്തനം, കുട്ടികളുടെ എണ്ണം, അടിസ്ഥാന സൗകര്യം തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. കുട്ടികൾക്കൊപ്പമുള്ള ജീവിതം സന്തോഷം നിറഞ്ഞതാണന്നും അവരെ പിരിഞ്ഞ് ഒരുദിവസം പോലും മാറി നിൽക്കാൻ കഴിയില്ലെന്നും ഉഷ പറയുന്നു.
കഴിഞ്ഞ 30 വർഷത്തിനിടെ മാറിവന്ന ഗ്രാമപഞ്ചയത്തംഗങ്ങളുടെയും കൗൺസിലറുടെയും വലിയ പിന്തുണ അംഗൻവാടിക്ക് ലഭിച്ചിട്ടുണ്ട്. അവാർഡിനു അപേക്ഷ നൽകാൻ ഐ.സി.ഡി.എസ്. സൂപ്പർവൈസായിരുന്ന രാജമ്മ ജോസഫ്, ലീഡർ ഒ.എൻ. ലീലാമ്മ എന്നിവർ സഹായിച്ചുവെന്നും ഉഷ പറയുന്നു.
ശനിയാഴ്ച്ചവൈകിട്ട് നാലിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന വനിതാ ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഉഷയ്ക്ക് പുരസ്‌കാരം സമ്മാനിക്കും. കട്ടപ്പന നഗരത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ പെപ്പതിയിൽ ശശിയാണ് ഭർത്താവ്. മകൻ വിഷ്ണുവും ഓട്ടോറിക്ഷ തൊഴിലാളിയാണ്. മകൾ ഗായത്രി കട്ടപ്പന ഓക്‌സിലിയം സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർഥിനിയാണ്.

കട്ടപ്പന സുവർണഗിരിയിലെ അംഗൻവാടിയിൽ അദ്ധ്യാപിക ഉഷ എൻ.കെ കുട്ടികൾക്കൊപ്പം.