budget
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് കാഞ്ചിയാർ രാജൻ അവതരിപ്പിക്കുന്നു. പ്രസിഡന്റ് ആശ ആന്റണി, സെക്രട്ടറി ബി. ധനേഷ് എന്നിവർ സമീപം.

കട്ടപ്പന: കാർഷിക മേഖലയ്ക്കും വീടുനിർമാണത്തിനും ആരോഗ്യമേഖലയ്ക്കും മുൻഗണന നൽകി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്. പ്രസിഡന്റ് ആശ ആന്റണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ 54.16 കോടി രൂപ വരവും 54.13 കോടി രൂപ ചെലവും മൂന്നുലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് കാഞ്ചിയാർ രാജൻ അവതരിപ്പിച്ചത്. വീടുനിർമാണത്തിന് 1.45 കോടി വകയിരുത്തി. ഇതിൽ പൊതുവിഭാഗത്തിന് 1.15 കോടിയും പട്ടികജാതി വിഭാഗത്തിന് 22.33 ലക്ഷവും പട്ടികവർഗ വിഭാഗത്തിന് 8.11 ലക്ഷവുമാണ്. ഉപ്പുതറ, പുറ്റടി സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിനും വയോധികരുടെയും പാലിയേറ്റീവ് രോഗികളുടെയും ക്ഷേമത്തിനും ഉൾപ്പെടെ ആരോഗ്യമേഖലയ്ക്ക് 1.23 കോടി രൂപ വകകൊള്ളിച്ചു. രണ്ട് ആശുപത്രികളെയും ഐ.എസ്.ഒ മാതൃകയിൽ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തും.  കൂടാതെ ആശുപത്രി ക്വാർട്ടേഴ്‌സുകളും 15 ലക്ഷം മുടക്കി നവീകരിക്കും. വനിത ക്ഷേമത്തിനു 64.72 ലക്ഷം രൂപ ചെലവഴിക്കും. മൂന്നുലക്ഷം രൂപ മുടക്കി ഉപ്പുതറ വനിത വ്യവസായ കേന്ദ്രത്തിന്റെ നിർമാണം പൂർത്തീകരിക്കും. കട്ടപ്പന വനിത വ്യവസായ പരിശീലന കേന്ദ്രത്തിന്റെ രണ്ടാംഘട്ട നിർമാണത്തിനു 18.72 ലക്ഷം വകയിരുത്തി. 15 ലക്ഷം രൂപ ചെലവഴിച്ച് ശൗചാലയങ്ങളും 5.57 ലക്ഷം മുടക്കി കടശിക്കടവ് ശ്മശാനത്തിനു ചുറ്റുമതിലും നിർമിക്കും. കിടപ്പുരോഗികൾക്കായി മോട്ടോർ ഘടിപ്പിച്ച വീൽചെയറുകൾ നൽകും. കൈവിരലുകൾ ചലിപ്പിക്കാൻ കഴിയുന്നവർക്ക് വീൽചെയറിൽ സഞ്ചരിക്കാനാകും. ഇതിനായി 30.4 ലക്ഷം രൂപ വകയിരുത്തി. ഘടകസ്ഥാപനങ്ങളുടെ വികസനത്തിനു 2.8 കോടി ചെലവഴിക്കും. കലാകായികരംഗത്ത് സ്‌കൂൾ കോളജ് തലങ്ങളിൽ ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് 7000 രൂപ വരെയുള്ള കിറ്റുകൾ നൽകും. വായനശാലകൾക്ക് അഞ്ചുലക്ഷം രൂപയുടെ ഫർണിച്ചറുകൾ നൽകും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രാജേന്ദ്രൻ മാരിയിൽ, സന്ധ്യ രാജ, കുട്ടിയമ്മ സെബാസ്റ്റ്യൻ, അംഗങ്ങളായ സാലി ജോളി, ഇന്ദിര ശ്രീനി, ജോസ്‌ന ജോബിൻ, സാബു ജോൺ, ജിജി കെ. ഫിലിപ്പ്, രാജേഷ് കുഞ്ഞുമോൾ, വി.ജി. അമ്പിളി, ജോബൻ പാനോസ്, സെക്രട്ടറി ബി. ധനേഷ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

മറ്റ് പ്രധാന പദ്ധതികൾ

 റോഡ് നിർമാണം- 1.63 കോടി രൂപ

 കാർഷികമേഖലയ്ക്ക്- 1.21 കോടിരൂപ

 വനിത- പുരുഷ കർഷക സംഘങ്ങൾക്ക് യന്ത്രസാമഗ്രികൾ- 26 ലക്ഷം

 ക്ഷീര കർഷകർക്ക് സബ്‌സിഡി- 40 ലക്ഷം

 വനിത ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം- 30 ലക്ഷം

 ജലസേചന പദ്ധതി- 20 ലക്ഷം

 കന്നുകുട്ടി പരിപാലന പദ്ധതി- 5.68 ലക്ഷം

 അഗതി ആശ്രയ പദ്ധതികൾ- ആറു ലക്ഷം

 ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്‌കോളർഷിപ്പ്- 12 ലക്ഷം

 പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും പഠനമുറിയും- 84 ലക്ഷം

 പട്ടികവർഗ കുട്ടികൾക്ക് സ്‌കോളർഷിപ്പും പഠനമുറിയും- 41 ലക്ഷം