ഇടുക്കി: വനിതാ ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 10ന് തൊടുപുഴ സിവിൽ സ്റ്റേഷനിൽ നിന്ന് ടൗൺ ഹാളിലേക്ക് വർണ്ണശബളമായി റാലി നടത്തും. തുടർന്ന് ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 'സ്ത്രീ സുരക്ഷാ നിയമങ്ങൾ' എന്ന വിഷയത്തിൽ അഡ്വ. ബിനു മോൾ ജോസഫ് ക്ലാസ് നയിക്കും. നഗരസഭ ആക്ടിംഗ് ചെയർമാൻ എം.കെ. ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. എഴുത്തുകാരി കൗസല്യ കൃഷ്ണൻ, തൊടുപുഴ എ പി.ജെ അബ്ദുൾ കലാം ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപിക കെ.എസ്. ഷംന, ജില്ലാ വിമൻസ് കൗൺസിൽ സെക്രട്ടറി റോസക്കുട്ടി എബ്രാഹാം എന്നിവരെ ആദരിക്കും. സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തൊടുപുഴ എ.പി.ജെ. എച്ച്. എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥികളായ അനസൂയ സി. സുതൻ, പ്ലസ്വണ്ണിലെ സീതാലക്ഷ്മി സി.വി എന്നിവർക്ക് സമ്മാനം നൽകും. ചിത്രരചനാ മത്സരത്തിൽ വിജയിയായ പെരിങ്ങാശേരി മാക്കൽ ബിജു മാത്യുവിനെ അനുമോദിക്കും. തൊടുപുഴ ചുങ്കം പള്ളി പരിസരത്ത് നിന്നും സിവിൽ സ്റ്റേഷനിൽ നിന്നും കാഞ്ഞിരമറ്റം കവലയിൽ നിന്നും പ്രൈവറ്റ് ബസ് സ്റ്റാന്റ് വരെ രാത്രി 10ന് സ്ത്രീകളുടെ രാത്രി നടത്തം ഉണ്ടാകും. ശേഷം കുടുംബശ്രീ പ്രവർത്തകരുടെ വിവിധ കലാപരിപാടികളും ഉണ്ടാകും.