hhh
കഞ്ചാവുമായി പിടിയിലായവർ.

കട്ടപ്പന: നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജീപ്പിൽ കറങ്ങിയ കഞ്ചാവ് കടത്ത് സംഘത്തിൽപ്പെട്ട നാലു യുവാക്കളെ കട്ടപ്പന പൊലീസ് സാഹസികമായി പിടികൂടി. എസ്.ഐ സന്തോഷ് സജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സം ഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. തൊടുപുഴ മുളമ്പേൽ അജ്മൽ(30), മുവാറ്റുപുഴ അരീക്കുഴ പുത്തൻപുരയിൽ വിഷ്ണു(28), നേര്യമംഗലം തലക്കോട് ആലയ്ക്കാപ്പറമ്പിൽ എബി(20), കോതമംഗലം നെല്ലിക്കുഴി മാനിക്കൽ ഫൈസൽ(20) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് 200 ഗ്രാം കഞ്ചാവ്, 17,100 രൂപ, ഇലക്‌ട്രോണിക് ത്രാസ് എന്നിവയും പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ച താർ ജീപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. വൺവേ തെറ്റിച്ച് കടന്നുവന്ന ജീപ്പ് തിരികെ പറഞ്ഞുവിടുന്നതിനിടെയാണ് നമ്പർ പ്ലേറ്റില്ലാത്തത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വാഹനം നിറുത്താൻ ആവശ്യപ്പെട്ടപ്പോൾ അമിതവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. ഇടുക്കി റോഡിലൂടെ മുന്നോട്ടുപോയ വാഹനത്തെ പൊലീസ് ജീപ്പിൽ പിന്തുടർന്നു. നിർമലാസിറ്റിയിൽ നിന്ന് മറ്റൊരു റോഡിലൂടെ ജീപ്പുമായി സംഘം വീണ്ടും നഗരത്തിലെത്തി. അമിതവേഗത്തിലെത്തിയ ജീപ്പ് ഇടുക്കി കവലയിൽ സ്വകാര്യ ബസിന്റെ പിന്നിൽ ഇടിച്ചു. പിന്നാലെ എത്തിയ പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും ഇവർ വീണ്ടും ജീപ്പുമായി ഇരട്ടയാർ റോഡിലേക്ക് കടന്നു. തുടർന്ന് എസ്.ഐ സന്തോഷ് സജീവ് മറ്റൊരാളുടെ ബൈക്കിലും പൊലീസുകാർ ജീപ്പിലുമായി പിന്തുടർന്നു. പേഴുംകവലയിൽ ബൈക്ക് റോഡിനു കുറുകെ വിലങ്ങി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കമ്പത്തു നിന്ന് വാങ്ങിയ കഞ്ചാവ് എറണാകുളം മേഖലയിൽ ചില്ലറ വിൽപനയ്ക്കായി കൊണ്ടുപോകാനായിരുന്നു ശ്രമം. ഇവർ ഒരുദിവസം നഗരത്തിലെ ലോഡ്ജിൽ താമസിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐമാരായ വി.വി. വിഷ്ണു, പി.ജെ. വർഗീസ്, സാബു തോമസ്, എ.എസ്.ഐമാരായ കെ.കെ. ബിജുമോൻ, അബ്ദുൾ മജീദ് പി.എസ്, സി.പി.ഒമാരായ ബിബിൻ ദിവാകരൻ, എബിൻ ജോസ്, അനൂജ് ബാബു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.