തൊടുപുഴ: ഡ്രൈവിംഗ് ടെസ്റ്റിൽ വീഴ്ച വരുത്തിയ രണ്ട് ആർ.ടി ഓഫീസ് ഉദ്യോഗസ്ഥർക്ക് വിലക്ക്. തൊടുപുഴ ജോയിന്റ് ആർ.ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബെന്നി ജേക്കബ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കൃഷ്ണകുമാർ എന്നിവരെയാണ് ഡ്രൈവിംഗ് ടെസ്റ്റ് ചുമതലയിൽ നിന്ന് ഒരു മാസത്തേക്ക് വിലക്കിയത്. തൊടുപുഴയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ വ്യാഴാഴ്ച രാവിലെ മധ്യമേഖലാ ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ എം.പി. അജിത്കുമാർ നടത്തിയ മിന്നൽ പരിശോധനയിലാണ് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത്. ഡ്രൈവിംഗ് ടെസ്റ്റിന് എത്തിച്ച രണ്ട് ഇരുചക്രവാഹനങ്ങൾ ആക്സിലേറ്റർ നൽകാത തന്നെ കുറഞ്ഞ വേഗത്തിൽ ഓടിക്കാവുന്ന വിധം ടെസ്റ്റിന് അനുവദിച്ചതായാണ് കണ്ടെത്തിയത്. ഡ്രൈവിംഗ് സ്‌കൂളുകൾ എത്തിച്ച വാഹനമായിരുന്നു ഇവ. ടെസ്റ്റിന് എത്തിയവർക്ക് സഹായകരമാകുന്ന വിധമാണ് ആക്സിലേറ്റർ ക്രമീകരിച്ചിരുന്നത്. ആക്സിലേറ്റർ നൽകിയില്ലെങ്കിലും ഓട്ടത്തിനിടെ എൻജിൻ ഓഫായി വാഹനം നിൽക്കില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ഇപ്രകാരം ക്രമീകരിച്ച വാഹനത്തിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തി ലൈസൻസ് നൽകുന്നത് നിയമ വിരുദ്ധമാണ്. എം.വി.ഐ.യും എ.എം.വി.ഐയുമാണ് വാഹനം പരിശോധിക്കേണ്ടിയിരുന്നത്. അവർ ചുമതല നിർവഹിച്ചില്ലെന്ന കാരണത്താലാണ് നടപടി. പകരം വേറെ ഉദ്യോഗസ്ഥർക്ക് ചുമതല നൽകി.