കട്ടപ്പന: കട്ടപ്പന പള്ളിക്കവല സെന്റ് മർത്താസ് കോൺവന്റിനുസമീപം റോഡിൽ വൻതോതിൽ മാലിന്യം തള്ളി. ഇന്നലെ രാവിലെയാണ് ഭക്ഷണ അവശിഷ്ടങ്ങൾ, കുപ്പികൾ, പ്ലാസ്റ്റിക്ക് കൂടുകൾ, കെട്ടിട നിർമാണ അവശിഷ്ടങ്ങൾ എന്നിവയടക്കമുള്ള മാലിന്യം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. വിവരമറിഞ്ഞ് നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി. തുടർന്ന് ശുചീകരണ തൊഴിലാളികൾ മാലിന്യം പൂർണമായി നീക്കി. അതേസമയം മാലിന്യത്തിൽ നിന്ന് വൈദ്യുതി ബില്ലുകളും വിവിധ സ്ഥാപനങ്ങളുടെ ബില്ലുകളും ആരോഗ്യവിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ പിഴയും നിയമനടപടിയും സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി. ജോൺ പറഞ്ഞു. നഗരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ നഗരസഭ നടപടി കർശനമാക്കിയിരുന്നു. നിരീക്ഷണ ക്യാമറകൾ ഉള്ളതിനാൽ രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ് സാമൂഹിക വിരുദ്ധർ മാലിന്യം തള്ളുന്നത്.