തൊടുപുഴ: പേവിഷബാധയുടെ ലക്ഷണങ്ങളോടെ പശു ചത്തതോടെ പാലുപയോഗിച്ച നാട്ടുകാർ പരിഭ്രാന്തരായി കൂട്ടത്തോടെ ആശുപത്രിയിലേക്കെത്തി. ഒറ്റ ദിവസം കൊണ്ട് 90 പേരാണ് കരിങ്കുന്നം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി 'റാബിസ് വാക്‌സിനെ'ടുത്തത്.
കരിങ്കുന്നം ഇടയാടി സ്വദേശിയുടെ പശുവാണ് പേവിഷബാധയേറ്റതിന്റെ ലക്ഷണത്തോടെ ചൊവ്വാഴ്ച ചത്തത്. ഈ പശുവിന്റെ പാലാണ് സമീപത്തെ നാല് വീടുകളിലും ഹോട്ടലിലും ഉപയോഗിച്ചിരുന്നത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇവിടങ്ങളിലെത്തി പരിശോധന നടത്തിയിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ആളുകൾ പരിഭ്രാന്തരായി. പാൽ വാങ്ങി ഉപയോഗിച്ച സമീപവാസികൾ പുറപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി കുത്തിവെയ്‌പ്പെടുത്തു. ചിലർ ജില്ലാ ആശുപത്രിയിലേക്കും പോയി. പശുവുമായി നേരിട്ട് സമ്പർക്കത്തിലിരുന്നവർക്ക് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഇമ്യൂണോഗ്ലോബിൻ നൽകി. വെള്ളിയാഴ്ചയാണ് മറ്റുള്ളവർ കരിങ്കുന്നം പ്രാഥാമികാരോഗ്യ കേന്ദ്രത്തിലെത്തി കുത്തിവെയ്‌പ്പെടുത്തത്. ഹോട്ടലിൽ നിന്ന് ചായകുടിച്ചവരാണ് ആശുപത്രിയിൽ എത്തിയവരിൽ ഏറെയും.