തൊടുപുഴ: മണക്കാട് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും പ്രദേശവാസികളും ഉൾപ്പെടെയുള്ളവർ വാട്ടർ അഥോറിറ്റി എക്‌സിക്യുട്ടീവ് എൻജിനിയറെ തടഞ്ഞു വച്ചു. മണക്കാട് പഞ്ചായത്തിലെ ആറ്, എഴ്, എട്ട് വാർഡുകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധ സമരം. സമരക്കാർ എക്‌സിക്യുട്ടീവ് എൻജിനിയറുടെ മുറിയിലേക്ക് ഇരച്ചു കയറുന്നതിനിടയിൽ മുറിയുടെ ഹാഫ് ഡോറിനു കേടുപാടു സംഭവിച്ചു. കൂടാതെ മുറിയിലെ ഷെൽഫും ഇവർ തട്ടിമറിച്ചിട്ടു. മണക്കാട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ബിനോയി, പഞ്ചായത്തംഗം ആർ. ഹരി എന്നിവർ വാട്ടർ അതോറിട്ടി ഓഫീസിനു മുന്നിൽ മൂന്നു ദിവസമായി ഉപവാസ സമരം നടത്തി വരുന്നതിനിടെയായിരുന്നു ഉപരോധ സമരം. ഇന്നലെ രാവിലെ പത്തരയോടെയാണ് മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വൽസാ ജോൺ, സി.പി.എം നേതാക്കളായ ടി.ആർ. സോമൻ, മുഹമ്മദ് ഫൈസൽ, പി.കെ. സുകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ എക്‌സിക്യൂട്ടീവ് എൻജിനിയർ ടി.സി. അനിരുദ്ധനെ ഉപരോധിച്ചത്. അടിയന്തരമായി കുടിവെള്ള പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ എൻജിനിയറെ പുറത്തു പോകാൻ അനുവദിക്കില്ലെന്നും സമരക്കാർ പറഞ്ഞു. ഇതോടെ തൊടുപുഴ സി.ഐ സജീവ് ചെറിയാൻ, എസ്‌.ഐ എം.പി. സാഗർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്തെത്തി.

700 കുടുംബങ്ങൾ ദുരിതത്തിൽ

പുതിയ കുടിവെള്ള പദ്ധതി കമ്മിഷൻ ചെയ്തതിന്റെ ഭാഗമായി നിലവിൽ ഉണ്ടായിരുന്ന പദ്ധതി നിറുത്തലാക്കിയതാണ് കുടിവെള്ളക്ഷാമത്തിനിടയാക്കിയതെന്ന് സമരക്കാർ പറഞ്ഞു. പുതിയ പൈപ്പ് ലൈനിൽ നിന്നും വെള്ളം പഴയ ലൈനിലേക്ക് കടത്തിവിടാൻ കഴിയുന്നുമില്ല. 700ഓളം കുടുംബങ്ങൾ കടുത്ത ദുരിതത്തിലാണെന്നും സമരക്കാർ ചൂണ്ടിക്കാട്ടി.

നാല് ദിവസത്തിനകം പരിഹരിക്കാമെന്ന്
രണ്ടു മണിക്കൂറുകളോളം നീണ്ട ചർച്ചകൾക്കൊടുവിൽ നാലു ദിവസത്തിനുള്ളിൽ പ്രശ്‌നം താൽക്കാലികമായി പരിഹരിക്കാമെന്ന് എക്‌സിക്യുട്ടീവ് എൻജിനിയർ ഉറപ്പു നൽകി. രണ്ട് ഇന്റർ കണക്ഷനുകളിലൊന്നിൽ എയർവാൽവ് സ്ഥാപിച്ച് പ്രശ്‌നത്തിനു പരിഹാരം കാണുമെന്ന് അദ്ദേഹം നിരാഹാര പന്തലിൽ എത്തി ഉറപ്പു നൽകി. തുടർന്ന് സമരക്കാർ പിരിഞ്ഞു പോയി. ഉറപ്പു ലഭിച്ചതിനെ തുടർന്ന് വൈസ് പ്രസിഡന്റും പഞ്ചായത്തംഗവും മൂന്നു ദിവസമായി നടത്തി വന്ന ഉപവാസ സമരവും പിൻവലിച്ചു. ഇവരെ മണക്കാട് പിഎച്ച്‌സിയിൽ നിന്നുള്ള മെഡിക്കൽ സംഘം പരിശോധിച്ചു. എക്‌സിക്യുട്ടീവ് എൻജിനിയർക്കു പുറമെ അസി.എക്‌സിക്യുട്ടീവ് എൻജിനിയർമാരായ നവീൻ, ജോർജ് എന്നിവരാണ് സമരക്കാരുമായി ചർച്ച നടത്തിയത്‌.