തൊടുപുഴ: കടുത്ത ശുദ്ധജല ക്ഷാമം നേരിടുന്ന സമയത്ത് വാട്ടർഅതോറിട്ടിയുടെ കുടിവെള്ള വിതരണ പൈപ്പ് ലൈനിൽ മോട്ടോർ സ്ഥാപിച്ച് വെള്ളം അനധികൃതമായി ഊറ്റിയതായി കേസ്. വഴിത്തല ഇല്ലിക്കാട്ടിൽ തൊമ്മൻ മത്തായിക്കെതിരെയാണ് തൊടുപുഴ വാട്ടർ അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനിയർ പൊലീസിൽ പരാതി നൽകിയത്. വീടുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ്‌ലൈനിൽ വാൽവുപയോഗിച്ച് മോട്ടോർ ഘടിപ്പിച്ച് വെള്ളം ഊറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യവിവരത്തെതുടർന്നാണ് വാട്ടർ അതോറിട്ടി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. അനധികൃതമായി വെള്ളം ചോർത്തിയതിന് ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും നിർദേശിച്ചു. പിഴയടക്കാത്ത പക്ഷം നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.