തൊടുപുഴ: ഇടുക്കിയിലെ കർഷകരെ പ്രതിസന്ധിയിലാക്കിയ സർക്കാർ ഉത്തരവുകൾക്ക് കൂട്ടുനിന്ന എം.എം. മണി മന്ത്രിയായി തുടരുന്നത് ഉചിതമാണോയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് വാർത്താ സമ്മേളനത്തിൽ ചോദിച്ചു. ഉപാധിരഹിത പട്ടയത്തിനായി എൽ.ഡി.എഫിനെ വിജയിപ്പിക്കണമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയിട്ട് പട്ടയമുള്ള ഭൂമിയിൽ നിർമാണം നടത്തിയവരുടെ പട്ടയം റദ്ദ് ചെയ്യുന്ന വിധത്തിലുള്ള ഉത്തരവാണ് സർക്കാർ ഇറക്കിയത്. ജില്ലയ്ക്ക് മാത്രം ബാധകമായ ജനവിരുദ്ധ ഉത്തരവിറക്കാൻ തീരുമാനിച്ച മന്ത്രിസഭായോഗത്തിൽ പങ്കെടുത്ത എം.എം. മണി ജില്ലയിലെ ജനങ്ങളെ ഒന്നടങ്കം വഞ്ചിച്ചിരിക്കുകയാണ്. ജില്ലയിലെ ആയിരക്കണക്കിന് വ്യാപാരസ്ഥാപനങ്ങൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, റിസോർട്ടുകൾ എന്നിവയെല്ലാം 2019 ആഗസ്റ്റ് 22 ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നീയമവിരുദ്ധ നിർമിതികളായി മാറി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഉത്തരവ് ഇറക്കേണ്ടി വന്നതെന്ന സർക്കാരിന്റെയും എൽ.ഡി.എഫ് നേതാക്കളുടെയും വാദഗതി ശുദ്ധഅസംബന്ധമാണ്. സർക്കാർ ഉത്തരവ് റദ്ദ് ചെയ്യാൻ ബാധ്യതയുള്ള സി.പി.എം, സി.പി.ഐ പാർട്ടികൾ ജാഥകൾ നടത്തി ആക്ഷേപം ചൊരിയുന്നത് അപമാനകരമാണ്. 5,000 കോടിയുടെയും 1000 കോടിയുടെയും പാക്കേജുകൾ പ്രഖ്യാപിച്ച് ജില്ലയിലെ ജനങ്ങളെ പറ്റിച്ച സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും റോയി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡി.സി.സി സെക്രട്ടറിമാരായ ജിയോ മാത്യു, കെ.പി വർഗീസ്, ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് എന്നിവർ പങ്കെടുത്തു.