തൊടുപുഴ : സാജൻ മാത്യുവിന്റെ വിയോഗത്തോടെ നഷ്ടമായത് തീപ്പൊരി പ്രാസംഗികനും വലിയ നിലയിൽ വളരേണ്ടിയിരുന്നതുമായ യുവനേതാവിനെ. വിപുലമായ സൗഹൃദവലയം തീർത്ത സാജന്റെ അപകടവും മരണവും ജില്ലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് മാത്രമല്ല ജില്ലയുടെ തന്നെ രാഷ്ടീയ മണ്ഡലത്തിന്റെയാകെ നഷ്ടമാണ്. തൊടുപുഴയിൽ ആശുപത്രിയിൽ കഴിയുന്ന കാലത്ത് സാജനെ സന്ദർശിക്കാനെത്തിയ വി.എസ് അച്യുതാനന്ദൻ,കോടിയേരി ബാലകൃഷ്ണൻ, ഇ.പി ജയരാജൻ, ടി.വി രാജേഷ്,ഡോ.വി. ശിവദാസൻ തുടങ്ങിയ നിരവധിയായനേതാക്കൾ അദ്ദേഹത്തിന്റെ വ്യക്തി ബന്ധത്തിന് ലഭിച്ച അംഗികാരമായിരുന്നു.
സാധാരണ കുടുംബത്തിൽ നിന്നെത്തി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം, ജില്ലാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം , സി.പി.എം ഏരിയ കമ്മിറ്റിയംഗം എന്നി നിലകളിൽ വരെ വളരെ ചെറിയ പ്രായം കൊണ്ട് എത്തി.സരസമായ അവതരണ ഭംഗിയും നിരീക്ഷണ മികവോട് കൂടിയ നർമബോധവുമായിരുന്നു സാജന് ഇത്രമാത്രം സുഹൃത്തുക്കളെ സൃഷ്ടിച്ചെടുത്തതിലെ മാജിക്. ഉറച്ച ശബ്ദത്തിൽ ആവേശം കൊള്ളിക്കുന്ന പ്രസംഗങ്ങൾ സാജന്റെ രാഷ്ടീയ വളർച്ചയ്ക്ക് മിഴിവേകി. പരന്ന വായനയും കാലിക വിഷയങ്ങളുടെ പഠനവും പ്രത്യേകതകളായിരുന്നു. കട്ടപ്പന ഐ.ടി.ഐയിൽ വിദ്യാർഥിയായെത്തിയ സാജൻ ജില്ലയിലുടനീളം നിറസാന്നിദ്ധ്യമായിരുന്നെങ്കിലും കട്ടപ്പനയും മൂന്നാറുമായിരുന്നു പ്രധാന പ്രവർത്തനകേന്ദ്രങ്ങൾ. വായന, പ്രസംഗം, എഴുത്ത് എന്നിവയിലെല്ലാം അത്യുപുർവമായ മികവ് പുലർത്തിയിരുന്ന സാജന്റെ മുഴുവൻ കഴിവുകളും പ്രകടിപ്പിക്കാനാവാതെ അകാലത്തിൽ നഷ്ടമായ കാലത്തിന്റെ നൊമ്പരമായി സാജൻ മാത്യു മാറി. ഒരാഴ്ച മുമ്പ് രക്തത്തിൽസോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന സാജന് ന്യൂമോണിയ പിടിപ്പെടുകയും രക്തസമ്മർദ്ദം വളരെയധികം കുറയുകയും ചെയ്ത് ആരോഗ്യനില വഷളാകുക ആയിരുന്നു. 2012 ലായിരുന്നു സാജന് അപകടം സംഭവിക്കുന്നത്. ഏറെ നാളത്തെ ചികിത്സയ്ക്ക്‌ശേഷം വീൽചെയറിൽ ഇരിക്കാവുന്ന വിധത്തിലായിരുന്നു. പ്രതീക്ഷകൾ ബാക്കി നിൽക്കവെയാണ് അന്ത്യം.