മൂലമറ്റം: ശൗചാലയ മാലിന്യവുമായി വന്ന ടാങ്കർ ലോറി പിടികൂടി. കഴിഞ്ഞ ദിവസം രാത്രിഏഴ് മണിയോടെയാണ് കുരുതിക്കുളത്ത് വെച്ച് വനം വകുപ്പ് അധികൃതർ ലോറി പിടിച്ചെടുത്തത്. കുളമാവ് ഭാഗത്ത് വനമേഖലയിൽ തള്ളുവാനാണ് മാലിന്യം കൊണ്ടുവന്നത്.ചേർത്തല ചാലപ്പറമ്പ് സ്വദേശി നിഷാദ് (28)കോട്ടവേലി തൈക്കാട്ട് സുധൻ (46) എന്നിവരാണ് ടാങ്കർ ലോറിയിൽ ശൗചാലയ മാലിന്യവുമായി വന്നത്. തൊടുപുഴ റെയ്ഞ്ചാഫീസർ ജോബ് .ജെ .നേര്യംപറമ്പിൽ ഫോറസ്റ്റർ സലിം ബീറ്റ്ഫോറസ്റ്റർമാരായ സലി, അനിൽ, സുരേഷ് ചേറാടി സന്തോഷ് ,അലിൽ എന്നിവർ ചേർന്നാണ് ടാങ്കർലോറിയും ജീവനക്കാരേയും കസ്റ്റഡിയിൽ എടുത്തത്.പിന്നീട് ഉടമ മഹേഷിനേയും വിളിച്ച് വരുത്തി. ലോറി അറക്കുളം പഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് സെക്രട്ടറി 25000 രൂപ പിഴ ഈടാക്കി. കുളമാവ് -ഇടുക്കി - മുട്ടം പ്രദേശങ്ങളിലേക്ക് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് പതിവാണ് .ചുരുക്കം കേസുകൾ ആണ് പിടിക്കപ്പെടുന്നത് .വരും ദിവസങ്ങളിൽ കർശന പരിശോധനക്ക് നിർദ്ദേശം നൽകിയിട്ടുണ്ടന്ന് റെയ്ഞ്ചാഫീസർ പറഞ്ഞു