കട്ടപ്പന: ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ മുൻ യു.ഡി.എഫ് സർക്കാരുകൾക്കെതിരെ വിവാദ വിമർശനങ്ങളുമായി മന്ത്രി എം.എം. മണി. അന്തരിച്ച മുൻ ധനമന്ത്രി കെ.എം. മാണി, ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്, റോഷി അഗസ്റ്റിൻ എം.എൽ.എ എന്നിവരെയും കേരള കോൺഗ്രസിനെയുമാണ് അഞ്ചുരുളിയിൽ നടന്ന വികസന സെമിനാറിൽ മന്ത്രി കടുത്തഭാഷയിൽ വിമർശിച്ചത്. ''അദ്ധ്വാന വർഗത്തിന്റെ പടവാളാണെന്നാണ് കേരള കോൺഗ്രസിനെപ്പറ്റി പറയുന്നത്. എന്നാൽ കഴുത്തറുക്കുന്നതിന് സമാനമെന്നാണ് പറയേണ്ടത്. ' മന്ത്രി പരിഹസിച്ചു. ഒരുലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവരുടെ ഒരേക്കറിനു പട്ടയം കൊടുത്താൽ മതിയെന്നു നിയമം കൊണ്ടുവന്നത് കെ.എം. മാണിയെന്നും എം.എം. മണി വിമർശിച്ചു.
കട്ടപ്പനയിൽ നടന്ന പട്ടയമേളയിൽ ഡീൻ കുര്യാക്കോസ് എം.പി. നടത്തിയ പ്രസംഗത്തെയും മന്ത്രി വിമർശിച്ചു. എം.പിയുടെ പ്രസംഗം കേട്ടപ്പോൾ കലി വന്നെന്നും രണ്ടാമത് പ്രസംഗിക്കുന്നത് ശരിയല്ലാത്തതുകൊണ്ടാണ് താൻ മിണ്ടാതിരുന്നതെന്നും മന്ത്രി പരിഹസിച്ചു.
''40,000 പേർക്ക് പട്ടയം കൊടുത്തെന്ന് റോഷി പറഞ്ഞു. എവിടാണെന്ന് ഒരുപിടിയുമില്ല. ഉള്ളതു പറയുമ്പോ തുള്ളല് കേറിയിട്ടു കാര്യമില്ലെന്നും എം.എം. മണി പറഞ്ഞു. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നെടുങ്കണ്ടത്ത് പട്ടയം വിതരണം ചെയ്തിരുന്നു. എന്നാൽ പട്ടയങ്ങൾ തിരികെ വാങ്ങി റവന്യു ഓഫീസിൽ വച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്നു രാജിവയ്‌ക്കേണ്ടി വരുമെന്ന് പി.ജെ ജോസഫിനെ കരുണാകരൻ ഭീഷണിപ്പെടുത്തിയതായും മന്ത്രി മണി ആരോപിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥർ
ചന്ദനമരങ്ങൾ വെട്ടിക്കടത്തുന്നു: മന്ത്രി മണി
കട്ടപ്പന: മറയൂരിലെ ചന്ദനമരങ്ങൾ തീരുന്നതിനുകാരണം വനം വകുപ്പ് ഉദ്യോഗസ്ഥർ വെട്ടിക്കടത്തിയിട്ടാണെന്ന് മന്ത്രി എം.എം. മണി. അധിക വരുമാനം ലക്ഷ്യമിട്ടാണ് മരങ്ങൾ വെട്ടിക്കടത്തിയതെന്നും മന്ത്രി ആരോപിച്ചു. ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്തണം. തീർച്ചയും തീരുമാനവുമില്ലാത്തതാണ് വനം വകുപ്പിന്റെ പ്രശ്നമെന്നും മന്ത്രി കുറ്റപ്പെടുത്തി. അന്തിക്ക് വിരുന്ന് വന്നവന്റെ കഥ പറഞ്ഞപോലെയാണ് വനം വകുപ്പിന്റെ നടപടി. യു.ഡി.എഫ്. സർക്കാർ പെരിഞ്ചാംകുട്ടിയിൽ നിന്നു കുടിയിറക്കിയ ആദിവാസികൾക്ക് ഇപ്പോഴത്തെ സർക്കാർ ഒരേക്കർ സ്ഥലം നൽകാൻ തീരുമാനിച്ചപ്പോൾ വനം വകുപ്പ് എതിർത്തു. തേക്കുമരങ്ങൾ വച്ചുപിടിപ്പിക്കാൻ റവന്യു വകുപ്പ് പാട്ടത്തിനു നൽകിയ സ്ഥലം എങ്ങനെയാണ് വനമാകുന്നതെന്നും അഞ്ചുരുളിയിൽ നടന്ന വികസന സെമിനാറിൽ മന്ത്രി ചോദിച്ചു.