ചെറുതോണി: യാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും ഭീക്ഷണിയായി ചെറുതോണി ടൗണിൽ തെരുവ് നായ ശല്യം രൂക്ഷം, രാവിലെയുള്ള സമയങ്ങളിലും, വൈകുന്നേരവുമാണ് നായ്ക്കൾ കൂട്ടമായി ടൗണിൽ വിഹരിക്കുന്നത് . ചെറുതോണി ബസ് സ്റ്റാന്റിൽ ബസ് കാത്ത് നിൽകുന്നവരും വിദ്യാർത്ഥികൾക്കിടയിലും ഭീതി പരത്തുന്ന രീതിയിൽ നായ്ക്കൂട്ടങ്ങൾ ശല്യമാകുമ്പോഴും ഇതിന് തടയിടുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകുന്നില്ല, ഇടുക്കി മെഡിക്കൽ കോളേജ് പരിസരത്തും ആയുർവ്വേദ ആശുപത്രി മുറ്റത്തും തെരുവുനായ ശല്യം രൂക്ഷമാണ്, തടിയമ്പാട്, കരിമ്പൻ, പൈനാവ് ടൗണുകളിലെയും സ്ഥിതി വ്യത്യസ്ഥമല്ല. വാഴത്തോപ്പ് പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പദ്ധതി നിർത്തലാക്കിയതോടെയാണ് തെരുവ് നായ്ക്കൾ ഇവിടെ വർദ്ധിച്ചത്, മുൻപ് വീടുകളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും പുറം തള്ളുന്ന ഭക്ഷണ മാലിന്യങ്ങളും മറ്റും നിക് ഷേപിക്കുന്നതിന് വേയ്സ്റ്റ് ബിന്നുകൾ ടൗണിന്റെ പല കേന്ദ്രങ്ങളിലും സ്ഥാപിക്കുകയും, അതാത് ദിവസങ്ങളിൽ നീക്കം ചെയ്യുകയും ചെയ്തിരുന്നു, സർക്കാർ നിർദ്ദേശാനുസരണം വേസ്റ്റ് ബിന്നുകൾ മാറ്റിയതോടെ മാലിന്യങ്ങൾ വഴിയരികിലും, ഓടകളിലും, തോടുകളിലേക്കും വലിച്ചെറിയുന്ന സ്ഥിതിയാണുള്ളത്.പഞ്ചായത്തിന്റെ മാലിന്യ നിർമ്മാർജ്ജന പദ്ധതി നിർത്തലാക്കിയതോടെ ദിവസവും കുമിഞ്ഞ് കൂടുന്ന മാലിന്യങ്ങളുടെ അളവിൽ വർദ്ധനവുണ്ടായതോടെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ടൗണിലേക്കും പരിസരത്തേക്കും എത്തിത്തുടങ്ങുയായിരുന്നു. രണ്ടാഴ്ചക്ക് മുമ്പ് ചെറുതോണി അണക്കെട്ടിന് സമീപത്തു നിന്ന് തെരുവ് നായ്ക്കൽ കൂട്ടം കൂടി ആക്രമിച്ച് അവശമായ നിലയിൽ കേഴക്കുഞ്ഞിനെ ചെറുതോണിയിൽ നാട്ടുകാർ രക്ഷിച്ച് വനം വകുപ്പിന് കൈമാറിയിരുന്നു. രണ്ടാഴ്ച മുമ്പ് താന്നിക്കണ്ടത്ത് കറവപ്പശുരിനെ പേപ്പട്ടി കടിച്ചതിനെ തുടർന്ന് പശുവിന് പേ പിടിച്ചിരുന്നു.