ഇടുക്കി : മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇനി മൂന്നാറിന്റെ ആകാശകാഴ്ചകൾ ആസ്വദിച്ച് ഹെലികോപ്ടർ സവാരി നടത്താം.ഹെലികോപ്ടർ സർവ്വീസിന്റെ ഉദ്ഘാടനം മന്ത്രി എം എം മണി നിർവ്വഹിച്ചു. മൂന്നാർ ഡി റ്റി പി സിയും ബോബി ചെമ്മണ്ണൂരിന്റെ എൻഹാൻസ് ഏവിയൻ ഗ്രൂപ്പും സംയുക്തമായാണ് മൂന്നാർ ലോക്കാട് ഗ്രൗണ്ടിൽ വിനോദസഞ്ചാരികൾക്കായി ഹെലി സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. സഞ്ചാരികൾക്ക് പ്രിയങ്കരമായ മൂന്നാറിൽ ഹൈലികോപ്ടർ സർവ്വീസ് ആരംഭിച്ചത് മൂന്നാറിന്റെ വിനോദ സഞ്ചാരമേഖലക്ക് കൂടുതൽ കരുത്തു പകരുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കാലമായി പരീക്ഷണ പറക്കലിന്റെ ഭാഗമായി ലോക്കാട് ഗ്രൗണ്ടിൽ നിന്നും ഹെലികോപ്ടർ സന്ദർശകരെയുംകൊണ്ട് പറന്നിരുന്നു.
മൂന്നാറിൽ നിന്നും രോഗികളെ ആശുപത്രിയിലെത്തിക്കാൻ എയർ ആംബുലൻസ് സൗകര്യമേർപ്പെടുത്തുന്നതിനും ഹെലികോപ്ടർ സർവ്വീസിലൂടെ സാധിക്കും. പാവപ്പെട്ടവർക്ക് സൗജന്യമായി യാത്ര ചെയ്യുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് ചെയർമാൻ ബോബി ചെമ്മണൂർ പറഞ്ഞു. എസ്. രാജേന്ദ്രൻ എം.എൽ.എ അധ്യഷനായിരുന്നു. സബ് കളക്ടർ എസ് പ്രേംകൃഷ്ണൻ, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, ഡി റ്റി പി സി സെക്രട്ടറി ജയൻ പി വിജൻ, മാനേജർ ജോൺ തുടങ്ങിയവർ പങ്കെടുത്തു.
ഒരേ സമയം ആറുപേർക്ക് യാത്ര ചെയ്യാൻ കഴിയും.
രാവിലെ 11 മണിയോടെ ആദ്യ യാത്രക്കാരുമായി മൂന്നാറിലെത്തുന്ന ഹെലികോപ്ടർ വൈകുന്നേരം 4 വരെ മൂന്നാറിൽ വിനോദസഞ്ചാരികൾക്കായി സർവ്വീസ് നടത്തും.
10 മിനിറ്റ് പറക്കുന്നതിന് 3500 രൂപയാണ്.മൂന്നാറിൽ നിന്നും കൊച്ചിയിലേക്ക് ഒരാൾക്ക് 9500 രൂപയാണ്. അരമണിക്കൂറുകൊണ്ട് കൊച്ചിയിലെത്തും.