police
വനിതാദിനത്തിൽ കട്ടപ്പന പോലീസ് സ്‌റ്റേഷൻ നിയന്ത്രിച്ച വനിത പോലീസ് ഉദ്യോഗസ്ഥർ.

കട്ടപ്പന: വനിതാദിനത്തിൽ കട്ടപ്പന നഗരത്തിന്റെ സുരക്ഷ വളയിട്ട കൈകളിൽ ഭദ്രം. രാത്രികാല പട്രോളിംഗ് അടക്കം കട്ടപ്പന ജനമൈത്രി പൊലീസ് സ്‌റ്റേഷന്റെ മുഴുവൻ പ്രവർത്തനങ്ങളും നിയന്ത്രിച്ചത് 16 അംഗ വനിത പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. കട്ടപ്പന സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കുപുറമേ കട്ടപ്പന സബ് ഡിവിഷനു കീഴിലുള്ള പീരുമേട്, വാഗമൺ, കമ്പംമെട്ട്, ഉപ്പുതറ, നെടുങ്കണ്ടം, കുമളി, വണ്ടൻമേട് എന്നീ സ്‌റ്റേഷനുകളിൽ നിന്നുള്ള വനിത ഉദ്യോഗസ്ഥരും എത്തിയിരുന്നു. എസ്.ഐ: കെ.ആർ. ജയശ്രീയായിരുന്നു സ്റ്റേഷൻ ഹൗസ് ഓഫീസർ. സിന്ധു ഗോപാലൻ ജി.ഡി. ചാർജും ഷെജിന ബീഗം, മെർലിൻ ഗീത, എം. നസീമ എന്നിവർ പാറാവ് ഡ്യൂട്ടിയും നിർവഹിച്ചു. ജാൻസി മാത്യു സ്‌റ്റേഷൻ റൈറ്ററായും സൗമ്യമോൾ പി.എസ്. അസിസ്റ്റന്റ് റൈറ്ററായും ഡ്യൂട്ടി ചെയ്തു. രാത്രികാല പട്രോളിംഗിന്റെ ചുമതല അമ്പിളി ടി, ആതിര പി എന്നിവർക്കായിരുന്നു. സുനിത പൗലോസായിരുന്നു പി.ആർ.ഒ.
കേസുകൾ ഒന്നും ചാർജ് ചെയ്തില്ലെങ്കിലും സ്‌റ്റേഷനിൽ ലഭിച്ച വിവിധ പരാതികളിൽ നേരിട്ടെത്തി അന്വേഷണം നടത്തി. വനിതകളുടെ പരാതി സ്വീകരിക്കാൻ പ്രത്യേക വിഭാഗവും രൂപീകരിച്ചിരുന്നു. കൂടാതെ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ വനിതകൾക്കായി നിയമബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു.
വനിതാദിനം കേക്കുമുറിച്ച് ആഘോഷിച്ചപ്പോൾ എസ്.ഐ: സന്തോഷ് സജീവിന്റെ നേതൃത്വത്തിലുള്ള പുരുഷ പൊലീസ് ഉദ്യോഗസ്ഥരും പങ്കാളികളായി. വനിതാദിനത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലെത്തിക്കുന്നതിനും വനിത ഉദ്യാഗസ്ഥരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഡ്യൂട്ടി നിർവഹണം സഹായകരമാകുമെന്ന് എസ്.ഐ. കെ.ആർ. ജയശ്രീ പറഞ്ഞു. സഹപ്രവർത്തകരുടെ ആഹ്‌ളാദ നിമിഷങ്ങൾ ഫോണിൽ പകർത്താനും ചിലർ മറന്നില്ല. ഇതിനിടെ സ്‌റ്റേഷനിലെ ഫോണിലേക്കു പരാതികൾ എത്തിത്തുടങ്ങിയതോടെ ഏവരും കർമനിരതരായി.