ചെറുതോണി :അറക്കുളം പഞ്ചായത്തിലെ മൂലമറ്റം-കോട്ടമല റോഡിന് 210 ലക്ഷം രൂപയും തടിയമ്പാട്-വിമലഗിരി-ശാന്തിഗ്രാം റോഡിന് 70 ലക്ഷം രൂപയും അനുവദിച്ച് ഉത്തരവായതായി റോഷി അഗസ്റ്റിൻ എംഎൽഎ അറിയിച്ചു. കഴിഞ്ഞ പ്രളയത്തോടെ ഈ റോഡുകൾ ഗതാഗതയോഗ്യമല്ലാതായി തീർന്നിരുന്നു. മൂലമറ്റം-കോട്ടമല റോഡിൽ വലിയ മണ്ണിടിച്ചിൽ സംഭവിച്ച് റോഡ് മുറിഞ്ഞുപോയിരുന്നു. താല്കാലിക പാത ഒരുക്കിയെങ്കിലും വാഹനങ്ങൾ കടന്നുപോകുമായിരുന്നില്ല. ഇതോടെ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള അത്യാവശ്യ യാത്രപോലും തടസ്സപ്പെട്ടു.

തടിയമ്പാട്-വിമലഗിരി റോഡ് നിർമ്മാണത്തിന് 5 കോടി രൂപ അനുവദിച്ച് നടപടികൾ പൂർത്തിയായി വരുമ്പോഴാണ് പ്രളയം സംഭവിച്ചത്. പ്രളയത്തെ തുടർന്ന് തടിയമ്പാട്-ചപ്പാത്ത് ഭാഗീകമായി തകരുകയും ഗതാഗതയോഗ്യമല്ലാതായി തീരുകയും ചെയ്തു. ഇതേ തുർന്ന് ഈ റോഡിൽ യാത്രാ സൗകര്യം ഒരുക്കുന്നതിനായി അനുവദിച്ചിരുന്ന തുകയുടെ എസ്റ്റിമേറ്റിൽ മാറ്റം വരുത്തി ചപ്പാത്ത് റോഡ് പൂർത്തിയാക്കുകയായിരുന്നു. അതോടെ ടാറിംഗ് ജോലികൾക്കുള്ള തുക അപര്യാപ്തമാകുകയും കരിക്കുംതോളം മുതലുള്ള ഭാഗം ടാറിംഗ് നടത്താനാകാത്ത സാഹചര്യത്തിലുമെത്തി. നിയോജകമണ്ഡലത്തിലെ നിരവധി റോഡുകൾക്ക് ഫണ്ട് അനുവദിച്ചപ്പോഴും യാത്രാ തടസ്സം രൂക്ഷമായ മൂലമറ്റം-കോട്ടമല ഉൾപ്പെടെയുള്ള റോഡുകൾക്ക് ഫണ്ട് അനുവദിച്ചിരുന്നില്ല. റോഡുകളുടെ പ്രാധാന്യം എംഎൽഎ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെ ധരിപ്പിച്ചതിനെത്തുടർന്ന് കൂടുതൽ ഫണ്ട് അനുവദിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു.