van
വാഴത്തോപ്പ് പഞ്ചായത്തിലെ കുടുംബശ്രീ വനിതാ പ്രവർത്തകർ നടത്തിയ വിമാനയാത്ര കണ്ണൂർ എയർപോർട്ടിൽ എത്തിയപ്പോൾ

ചെറുതോണി : വാഴത്തോപ്പിലെ കുടുംബശ്രീ പ്രവർത്തകർക്കിത് മറക്കാനാവാത്ത അനുഭവം. ആകാശയാത്ര നടത്താൻ ഭാഗ്യമുണ്ടാകുമെന്ന് ഒരിക്കലും കരുതിയിട്ടുണ്ടാവില്ല അവർ. ഇടുക്കിയിൽനിന്ന് കണ്ണൂരിലേക്ക് ശരിക്കും അവർ പറക്കുകയായിരുന്നു. വാഴത്തോപ്പ് പഞ്ചായത്തിലെ ഏഴാം വാർഡിലെ 50 കുടുംബശ്രീ വനിതകളാണ് വനിതാ ദിനം വിമാനയാത്രയിലൂടെ ആഘോഷമാക്കി മാറ്റിയത്. 'കാഴ്ചയുടെ ലോകത്തേക്ക്' എന്ന പേരിലാണ് ടൂർ പ്രോഗ്രാം നടത്തുന്നത്. ഏഴാം വാർഡിലെ 22 കുടുംബശ്രീ യൂണിറ്റിലെ 293 അംഗങ്ങൾക്കായി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടപ്പാക്കുന്ന ചെറുതും വലുതുമായ വിനോദസഞ്ചാര പരിപാടിയിൽ കുടുംബശ്രീ അംഗങ്ങളെ ഒന്നിലെങ്കിലും പങ്കെടുപ്പിച്ച് പുറംലോക കാഴ്ചകൾ കാണിക്കുകയാണ് ലക്ഷ്യമെന്ന് വാർഡ് മെമ്പർ ഷിജോ തടത്തിൽ പറഞ്ഞു. വനിതാ ദിനത്തിൽ തുടക്കമായ അദ്യഘട്ടയാത്രയിൽ 50 പേർ പങ്കെടുത്തു. മറ്റുള്ളവർക്ക് അടുത്ത ഘട്ടങ്ങളിൽ കൊച്ചിയിലേക്കും, രോഗികളായവർക്ക് വേണ്ടി ഇടുക്കിയിലും പരിസര പ്രദേശങ്ങളിലെ വിനോദസഞ്ചാര മേഖലകളിലും ടൂർ സംഘടിപ്പിക്കും.
സംഘത്തിലെ അൻപതുപേരും ആദ്യമായാണ് വിമാന യാത്ര നടത്തുന്നത്. യാത്രാ സംഘത്തിൽ 22 വയസ്സുള്ള അഞ്ജന ഷാജു മുതൽ 72 വയസ്സായ നാഗമ്മ മുത്തുവരെയുണ്ടായിരുന്നു.. ഇന്നലെ പുലർച്ചെ മൂന്നിന് ചെറുതോണിയിൽ നിന്ന് പുറപ്പെട്ട സംഘം നെടുമ്പാശേരിയിൽ നിന്ന് വിമാന മാർഗം കണ്ണൂരിലേക്കും തുടർന്ന് ബേക്കൽ കോട്ട, പയ്യമ്പലം ബീച്ച് എന്നിവടങ്ങളിൽ സന്ദർശനം നടത്തി, ട്രെയിൻ മാർഗ്ഗം എറണാകുളത്തിനും അവിടുന്ന് കൊച്ചി മെട്രോ യാത്രയും നടത്തിയാണ് തിരിച്ചെത്തുന്നത്. വിമാനയാത്ര വേളയിൽ ക്രിക്കറ്റ് താരം ശ്രീശാന്തിനെ കണ്ടതിന്റെയും താരത്തിനൊപ്പം ഫോട്ടോയെടുക്കാൻ കഴിഞ്ഞതിന്റെയും സന്തോഷവും വനിതകൾ പങ്കുവെച്ചു. വിമാന യാത്ര വനിതകൾക്കെല്ലാം ആദ്യ അനുഭവമായിരുന്നെങ്കിൽ തീവണ്ടി യാത്രയും മെട്രൊ യാത്രയും കുറച്ച് പേർക്കെങ്കിലും പരിചിതമായിരുന്നു.സി.ഡി.എസ് അംഗം ലീലാമ്മ വർഗീസ്, എഡിഎസ് പ്രസിഡന്റ് ഷീബ അഷ്‌റഫ്, വാർഡ് മെമ്പർ ഷിജോ തടത്തിൽ എന്നിവർ യാത്രക്ക് നേതൃത്വം നൽകി. ഇടുക്കി ബ്രൈറ്റ് ട്രാവൽസാണ് ടൂർ ഓപ്പറേറ്റർ.