തൊടുപുഴ : ഹരിത നിയമ പാലനത്തിൽ സർക്കാർ,വിദ്യാഭ്യാസ ഓഫീസുകൾക്കെല്ലാം പരീക്ഷയും ഗ്രേഡിംഗും അവാർഡും ഏർപ്പെടുത്തുന്നു. ഇതിനായി ഹരിത ഓഡിറ്റിംഗ് ടീമുകൾ ജില്ലയിൽ സജ്ജമായി. അവാർഡ് നിർണ്ണയ മാർഗ്ഗരേഖയനുസരിച്ച് സംസ്ഥാനതലം മുതൽ തദ്ദേശഭരണ സ്ഥാന തലം വരെയുള്ള എല്ലാ സർക്കാർ ഓഫിസുകളിലെയും ഗ്രീൻപ്രോട്ടോക്കോൾ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ചവയ്ക്ക് എ,ബി,സി ഗ്രേഡുകളും ഹരിതസാക്ഷ്യപത്രവും ഏറ്റവും അനുകരണീയ മാതൃകകൾക്ക് അവാർഡുകളുമാണ് നൽകുന്നത്. ഹരിതകേരളവും ശുചിത്വ മിഷനും സംയുക്തമായാണ് ഹരിത ഓഡിറ്റിംഗ് നിർവഹിക്കുന്നത്.
പരിശോധനയ്ക്കായി മൊബൈൽ ആപ്പ്
പരിശോധന നടത്തി ഗ്രേഡുകൾ നിശ്ചയിക്കുന്നതിന് പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും സജ്ജമാണ്. ഓഡിറ്റിംഗ് ടീം നടത്തുന്ന 'പരീക്ഷ'യുടെ ആകെ മാർക്ക് 100 ആണ്. പരിശോധനയിൽ 90 മുതൽ 100 മാർക്ക് വരെ നേടുന്ന ഓഫീസുകൾക്ക് എ ഗ്രേഡ് ലഭിക്കും. 80 മുതൽ 89 വരെ മാർക്ക് നേടുന്നവയ്ക്ക് ബിയും 70 മുതൽ 79 മാർക്ക് ലഭിക്കുന്നവയ്ക്ക് സി ഗ്രേഡും ലഭിക്കും. 70ൽ താഴെ മാർക്ക് ലഭിച്ചാൽ പരാജയപ്പെടും. . എന്നാൽ പിന്നീട് 'പാസ്സാകാൻ' ആവശ്യമായ ക്രമീകരണങ്ങളൊരുക്കാൻ ഒരു മാസത്തെ സമയം 'ഗ്രേസ് പീരീയഡ്' ആയി അനുവദിക്കും. അവാർഡ് നിർണ്ണയം, ഗ്രേഡിംഗ് എന്നിവയിൽ ആക്ഷേപം ഉണ്ടാകുന്ന പക്ഷം അതാത് ജില്ലാകളക്ടർമാരുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് അവ പരിഹരിക്കുന്നതിനും ക്രമീകരണമുണ്ട്.
ഗ്രീൻപ്രോട്ടോക്കോൾ ഉത്തരവിന്റെ അന്തിമ വിളവെടുപ്പാണ് ഹരിത ഓഡിറ്റിംഗിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പൊതു സ്ഥാപനങ്ങളെല്ലാം പൂർണ്ണമായി ഹരിതചട്ടത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് വിലയിരുത്തലിലൂടെ ഉറപ്പാക്കി ഗ്രാമബ്ലോക്ക് ജില്ലാ സംസ്ഥാന തലങ്ങളിൽ സമ്പൂർണ്ണ ഗ്രീൻപ്രോട്ടോക്കോൾ പ്രഖ്യാപനം നടത്താനാണ് തീരുമാനം. രണ്ടു മാസത്തിനുള്ളിൽ ഹരിത ഓഡിറ്റിംഗ് പൂർത്തിയാക്കും.
ഏറ്റവും മികച്ച നിലവാരം പുലർത്തുന്ന മൂന്ന് ഓഫീസുകളെ തിരഞ്ഞെടുത്താണ് അവാർഡ് നൽകുക. ജില്ലയിലെ മികച്ച ഓഫിസുകൾക്ക് ജില്ലാ ഹരിതകേരളവും ശുചിത്വ മിഷനും സംസ്ഥാനത്തെ മികച്ച ഹരിത ഓഫീസുകൾക്ക് സംസ്ഥാന ഹരിതകേരളം മിഷനും ശുചിത്വ മിഷനുമാണ് അവാർഡ് നൽകുക. കോർപ്പറേഷൻ,മുനിസിപ്പാലിറ്റി, ബ്ലോക്ക്,ഗ്രാമപ്പഞ്ചായത്തു തലങ്ങളിലെ ഓഫീസുകൾക്ക് അതത് തദ്ദേശ ഭരണ സ്ഥാപനങ്ങളാകും അവാർഡുകൾ നിശ്ചയിക്കുക.
മാർക്കിടുന്നത് ഇങ്ങനെ
അഞ്ചംഗ സമിതിയാകും പരിശോധന നടത്തുക.നോഡൽ ഓഫീസറെ നിയോഗിച്ചിട്ടുള്ള ഓഫീസുകൾക്ക് രണ്ട് മാർക്ക് ലഭിക്കും.
പേപ്പറിലും പ്ലാസ്റ്റിക്കുകളിലും തെർമോകോളിലും നിർമ്മിതമായ എല്ലാത്തരം ഡിസ്‌പോസിബിളുകളുടെയും നിരോധനം പൂർണ്ണമായും നടപ്പാക്കിയ ഓഫീസുകൾക്ക് 15 മാർക്ക് ഉറപ്പാക്കാം. കഴുകി ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങളിൽ ഭക്ഷണവും വെള്ളവും കൊണ്ടുവരുന്ന ജീവനക്കാരുടെ എണ്ണം, കഴുകി ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങൾ ആവശ്യത്തിന് വാങ്ങി സൂക്ഷിക്കൽ, ജൈവ അജൈവ മാലിന്യ സംസ്‌കരണത്തിന് സംവിധാനം എന്നിവയ്ക്ക് 10 മാർക്ക് വീതമുണ്ട്.
അജൈവ വസ്തുക്കൾ സൂക്ഷിക്കുന്നതിനും കൈമാറുന്നതിനും ക്രമീകരണം ഏർപ്പെടുത്തൽ , ഇ വേസ്റ്റുകൾ, ഉപയോഗ ശൂന്യ ഫർണ്ണിച്ചറുകൾ എന്നിവ നീക്കം ചെയ്യൽ, ദ്രവ മാലിന്യ സംസ്‌കരണ സംവിധാനം എന്നിവയ്ക്കുമുണ്ട് 10 മാർക്ക് വീതം.
ജൈവഅജൈവ മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കുന്നതിന് പ്രത്യേകം ബിന്നുകൾ ഒരുക്കിയിട്ടുണ്ടെങ്കിൽ എട്ട് മാർക്ക് കിട്ടും. പുരുഷ സ്ത്രീ ജീവനക്കാർക്കും അംഗപരിമിതർക്കും പ്രത്യേക ശുചിമുറി സംവിധാനം എന്നിവയ്‌ക്കെല്ലാം മാർക്ക് ലഭിക്കും. .