തൊടുപുഴ: മന്ത്രി എം.എം. മണിക്ക് ഔചിത്യബോധം ഉണ്ടാകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യക്തിപരമായല്ല, ജില്ലയിലെ സാധാരണക്കാരുടെ പ്രശ്നങ്ങളാണ് മന്ത്രിക്കെതിരായ വിമർശനമായി ഉന്നയിക്കുന്നത്. ഉന്നത നേതാവെന്ന നിലയിൽ അത് സഹിഷ്ണുതയോടെ ഉൾക്കൊള്ളുകയാണ് വേണ്ടത്. ജൂനിയറായാലും സീനിയറായാലും പൊതുപ്രവർത്തകന് ഔചിത്യമുണ്ടാകണം. എന്ത്, എവിടെ പറയണമെന്ന് ബോധ്യമുണ്ടാകണം. കട്ടപ്പനയിൽ നടന്ന പട്ടയമേളയിൽ ഒരാവശ്യവുമില്ലാതെ അദ്ദേഹം റോഷി അഗസ്റ്റ്യനെ വിമർശിച്ചു. യു.ഡി.എഫിന്റെ കാലത്ത് പട്ടയം നൽകിയോയെന്ന് സംശയമുള്ളവർ വിവരാവകാശമുപയോഗിച്ച് ചോദിക്കാമല്ലോ. അതിന് ഞാൻ മറുപടി നൽകിയപ്പോൾ അദ്ദേഹം എന്തിനാണ് അസഹിഷ്ണുവാകുന്നത്. ജില്ലയിലെ ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാത്തതിന്റെ ജാള്യത മറയ്ക്കാനാണ് അദ്ദേഹം ഇത്തരത്തിൽ പെരുമാറുന്നത്. സർവ്വകക്ഷി യോഗം ചേർന്ന് മൂന്നുമാസം കഴിഞ്ഞിട്ടും ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ മന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിൽ ഫാസിസ്റ്റ് സർക്കാർ

രാജ്യത്ത് സമാധാനം ഉണ്ടാകുന്നതിനും ജനാധിപത്യവും മതേതരത്വവും എല്ലാവരുടെയും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നതിനും വേണ്ടിയാണ് പാർലമെന്റ് അംഗമെന്ന നിലയിൽ സഭയ്ക്കുള്ളിൽ പ്രതിക്ഷേധിച്ചത്. എന്തിനെയും അടിച്ചമർത്തുന്ന സ്വഭാവക്കാരായ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉൾപ്പെടെയുള്ളവരുടെ കൽപ്പനയനുസരിച്ച് പ്രതിപക്ഷ അംഗങ്ങളെ ഏകപക്ഷീയമായി പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. ഒരിക്കലും ജനാധിപത്യപരമായി അംഗീകരിക്കാനാവാത്ത നടപടിയാണിത്. പാർലമെന്റംഗങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റവും കീഴ്‌വഴക്കങ്ങളുടെ ലംഘനവുമാണ്. രാജ്യത്തിന്റെ ജനാധിപത്യ മതേതരത്വ സംവിധാനങ്ങളെ തകർക്കുന്നതിനുള്ള ബി.ജെ.പിയുടെ ആസൂത്രിതമായ ഗൂഢാലോചനയാണ് ഈ നടപടി. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി നടപടി ധൈര്യത്തോടെ നേരിടും. ഭൂരിപക്ഷത്തിന്റെ ബലത്തിൽ എന്തുമാകാം എന്ന നിലയിൽ നിന്ന് ഒരു ഫാസിസ്റ്റ് സർക്കാരായി ബി.ജെ.പി മാറി. ഫാസിസ്റ്റ് നടപടികൾ ഒന്നൊന്നായി തുടരുന്നതിന്റെ അവസാന പതിപ്പാണ് പാർലമെന്റിലെ സസ്പെൻഷൻ. ബുധനാഴ്ച സഭ ചേരുമ്പോൾ ഞങ്ങൾ പാർലമെന്റിന് പുറത്ത് സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.