തൊടുപുഴ: നഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും തെരുവ് നായശല്യം അതി രൂക്ഷമായിട്ടും ഇത് സംബ്ബന്ധിച്ചുളള പരാതിയിൽ ബന്ധപ്പെട്ട അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായ ആക്ഷേപം .കൊതായിക്കുന്ന്,മങ്ങാട്ട് കവല ബസ്റ്റാന്റ്,ടൗൺ ഹാൾ പരിസരം,നഗരസഭ മൈതാനം,മൂപ്പിൽ കടവ് ജംഗ്ഷൻ,കാരിക്കോട് കവല,മാർക്കറ്റ് ,നഗരത്തിന്റെ പരിധിയിലുളള വിവിധ ഓട്ടോ സ്റ്റാന്റ്,ജില്ലാ ആശുപത്രി റോഡ്,ആയുർവ്വേദ ആശുപത്രി പരിസരം തുടങ്ങി നഗരത്തിന്റെ വിവിധ മേഖലകളിൽ തെരുവ് നായ ശല്യം അതിരൂക്ഷമാണ്.ഇത് സംബന്ധിച്ച് വിവിധ റസിഡൻസ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും വിവിധ സ്റ്റാന്റുകളിലുളള ഓട്ടോ റിക്ഷ തൊഴിലാളി സംഘടനകളും കച്ചവട സ്ഥാപന പ്രതിനിധികളും നഗരസഭ അധികൃതർക്ക് നിരവധി പരാതി കൾ നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിക്കുന്നില്ല .നഗരത്തിന്റെ തെരുവിൽ തലങ്ങും വിലങ്ങും കടിപിടി കൂടി കറങ്ങി നടക്കുന്ന ഇവറ്റകൾ സ്കൂൾ ,കോളേജ് വിദ്യാർത്ഥികൾ ,വയോജനങ്ങൾ ഉൾപ്പടെയുളളവരുടെ നേരെ ആക്രമണ ഭാവത്തിൽ പാഞ്ഞടുക്കുന്നുമുണ്ട്.കോതായിക്കുന്ന് നഗരസഭ ബസ്റ്റാന്റിൽ ആളുകൾക്കായി സജ്ജമാക്കിയിരിക്കുന്ന ഇരിപ്പിടങ്ങൾ തെരുവ് നായ്ക്കൾ കയ്യടക്കും.ഇത് മൂലം ബസ്റ്റാന്റിലുളള ഇരിപ്പിടത്തിലേക്ക് പൊതുജനത്തിന് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയുമാകും. ഇവറ്റകളുടെ ശല്യത്താൽ ബസ്റ്റാന്റ് പരിസരത്തുളള വ്യാപാരികളും പൊറുതി മുട്ടിയിരിക്കുകയാണ്.സ്ഥാപനങ്ങളിൽ നിന്ന് എന്തെങ്കിലും വാങ്ങാൻ എത്തുന്നവരുടെ ചുറ്റിലും കുരച്ച് ബഹളം വെച്ച് കറങ്ങി നടക്കുന്നതും പതിവാണ്.പുലർച്ചെ ആരാധനാലയങ്ങളിൽ പോകുന്നവർ ,റോഡിലൂടെ ജോഗിംഗ് നടത്തുന്നവർ ഇവർക്കെല്ലാം തെരുവ് നായശല്യം പ്രശ്നമാവുന്നുണ്ട്. നഗരരത്തിൽ നിന്ന് തെരുവ് നായ്ക്കളെ തുരത്താൻ നഗരസഭയുടെ നേതൃത്വത്തിൽ കർമ്മ പദ്ധതി തയ്യാറാക്കണം എന്നാണ് വിവിധ മേഖലകളിലുളള ജനത്തിന്റെ ആവശ്യം.