മുട്ടം: പഞ്ചായത്ത്‌ പ്രദേശത്ത് താമസിക്കുന്ന ചിലരിൽ കൊറോണ വൈറസ് പടർന്നത് വ്യാജ പ്രചാരണമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഞായറാഴ്ച്ച വൈകിട്ട് മുതലാണ് മുട്ടത്തുള്ള ചിലരിൽ കൊറോണ വൈറസ് പടർന്നു എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിലും ആളുകൾ പരസ്പരം സംസാരിച്ചും പ്രചരണം ശക്തമായത്. കൊറോണ വൈറസ് പടർന്ന് പിടിച്ച ചില വിദേശ രാജ്യങ്ങളിലുള്ളവർ അടുത്ത ദിവസങ്ങളിലായിട്ട് മുട്ടത്തുള്ള അവരുടെ ബന്ധുവീടുകളിൽ എത്തിയിട്ടുണ്ട് അവരിൽ ചിലർക്ക് വൈറസ് പടർന്നിട്ടുണ്ട് എന്ന രീതിയിലാണ് പ്രചരണം ശക്തമായത്. ഇത് സംബന്ധിച്ച് ചിലയാളുകൾ മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ വിളിച്ച് വിവരങ്ങൾ തിരക്കിയിരുന്നു. ഇതേ തുടർന്ന് അടുത്ത ദിവസങ്ങളിൽ വിദേശ രാജ്യങ്ങളിൽ നിന്ന് മുട്ടത്തുള്ള വീടുകളിൽ എത്തിയ പത്തോളം ആളുകളെ ഇന്നലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിച്ച് കുഴപ്പം ഇല്ല എന്ന് സ്ഥിതീകരിച്ചു. കൂടാതെ ഏതാനും ദിവസങ്ങൾ കൂടി ഇവർ നിരീക്ഷണത്തിലായിരിക്കുമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.