മുട്ടം: പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നവരെ പൊക്കാൻ കർമ്മ പദ്ധതിയുമായി മുട്ടം പൊലീസ് രംഗത്ത്. കോഴി, മാംസം, പച്ചക്കറി, മത്സ്യം എന്നിവയുടെ അഴുകിയ മാലിന്യങ്ങൾ പെരുമറ്റം, മൂന്നാംമൈൽ പ്രദേശങ്ങളിലെ റോഡരുകിൽ തള്ളുന്നത് വ്യാപകമായതിനെ തുടർന്നാണ് മുട്ടം പൊലീസ് നടപടികളുമായി മുന്നിട്ടിറങ്ങുന്നത്. രാത്രി കാലങ്ങളിൽ മുട്ടം വഴി കടന്ന് പോകുന്ന വാഹനങ്ങളിൽ പരിശോധന കർക്കശമാക്കും, റോഡുകളിൽ പട്രോളിങ്ങ് ശക്തമാക്കും, വിവിധ മേഖലകളിൽ പ്രദേശ വാസികളുടെ സഹകരത്തോടെ രാത്രിയിൽ മഫ്തിയിൽ പൊലീസിനെ വിന്യസിക്കും. നേരം പുലർച്ചെയുള്ള സമയത്താണ് പ്രദേശങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക്ക് കവറിലും നിറച്ച മാലിന്യങ്ങൾ വ്യാപകമായി തള്ളുന്നത്. ഒരു വർഷം മുൻപ് വരെ തുടങ്ങനാട്, പെരുമറ്റം, ശങ്കരപ്പള്ളി, ചള്ളാവയൽ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ റോഡരുകിൽ ശൗചാലയ മാലിന്യങ്ങൾ ഉൾപ്പടെ തള്ളുന്നത് വ്യാപകമായിരുന്നു. ഇതേ തുടർന്ന് മുട്ടം പഞ്ചായത്തും പൊലീസും രാത്രികാലങ്ങളിൽ റോഡിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇതേ തുടർന്ന് ആലുവ, ഈരാറ്റുപേട്ട, വാഴക്കുളം മേഖലകളിൽ നിന്ന് വാഹനങ്ങളിൽ ശൗചാലയ മാലിന്യം ഉൾപ്പടെ രാത്രി കാലങ്ങളിൽ കൊണ്ടുവന്നത് പിടി കൂടി പിഴ അടപ്പിക്കുകയും കേസ് കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഏതാനും മാസങ്ങളായിട്ട് ഇവിടങ്ങളിൽ മാലിന്യം തള്ളുന്ന പ്രവണത കുറഞ്ഞിരുന്നു. എന്നാൽ അടുത്ത നാളുകളിലായിട്ട് പെരുമറ്റം പ്രദേശത്ത് രാത്രി കാലങ്ങളിൽ മാലിന്യം തള്ളുന്നത് വീണ്ടും വ്യാപകമായി.

കഴിഞ്ഞ ഏതാനും ദിവസം മുൻപും ഇന്നലെയും ചാക്കിൽ നിറച്ച അഴുകിയ പച്ചക്കറി, ഹോട്ടൽ മാലിന്യം പെരുമറ്റം പ്രദേശത്ത് തള്ളിയിരുന്നു. ഇതേ തുടർന്നാണ് മുട്ടം പൊലീസ് കർമ്മ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നതെന്ന് മുട്ടം എസ്.ഐ. ബൈജു പി ബാബു പറഞ്ഞു.