വ്യാജപ്രചരണത്തിൽ കുടുങ്ങരുത്
 ഒരാൾ ഐസൊലേഷൻ വാർഡിൽ  28 പേർ നിരീക്ഷണത്തിൽ

തൊടുപുഴ: ജില്ലയിൽ ഇതുവരെ ആർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. പലയിടത്തും രോഗം സ്ഥിരീകരിച്ചെന്ന തരത്തിൽ സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് അധികൃതർ അറിയിച്ചു. ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയുണ്ടാകും. രോഗം സംബന്ധിച്ച വ്യാജപ്രചാരണങ്ങളിൽ ആരും കുടുങ്ങരുതെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ പറഞ്ഞു. ജില്ലയിലാകെ ഡൽഹിയിൽ നിന്നെത്തിയ ഒരു ഉത്തരേന്ത്യക്കാരൻ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ട്. 28 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്. സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ പൊലീസ് മേധാവി പി.കെ. മധു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ഇൻഫർമേഷൻ അസിസ്റ്റന്റ് എഡിറ്റർ എൻ.ബി. ബിജു, ഡോ. ജോബിൻ, ഡോ. ഖയാസ്, ജിജിൽ മാത്യു എന്നിവർ പങ്കെടുത്തു.

ഐസൊലേഷൻ വാർഡുകൾ

നിലവിൽ ഇടുക്കി മെഡിക്കൽ കോളേജ്, തൊടുപുഴ ജില്ലാ ആശുപത്രി, തൊടുപുഴ അൽ- അസർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ മൂന്നാർ ജനറൽ ആശുപത്രി, കട്ടപ്പന സെന്റ് ജോൺസ്, അടിമാലി മോണിംഗ് സ്റ്റാർ, തൊടുപുഴ ചാഴികാട്, തുടങ്ങിയ സ്വകാര്യ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കും.


ടൂറിസം: ഓൺലൈൻ ബുക്കിംഗ് സ്വീകരിക്കരുത്

വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുമളി, വാഗമൺ, മൂന്നാർ എന്നിവിടങ്ങളിലെ റിസോർട്ടുകളിലും ഹോട്ടലുകളിലും പുതിയ ഓൺലൈൻ ബുക്കിംഗ് സ്വീകരിക്കരുതെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ നിർദ്ദേശിച്ചു. കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ റിസോർട്ട് ഹോട്ടൽ ഉടമകളുടെയും ടൂറിസ്റ്റ് ടാക്‌സി ഡ്രൈവർമാരുടെയും അടിയന്തിര യോഗങ്ങൾ നടക്കുകയാണ്. ഈ കേന്ദ്രങ്ങളിൽ പൊലീസിന്റെയും ആരോഗ്യ സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ വിദേശികളായ ടൂറിസ്റ്റുകളുടെ കണക്ക് എടുക്കാനും ഈ മേഖലകളിൽ ബോധവത്കരണം നടത്താനും തീരുമാനിച്ചു.


ആശുപത്രിയിൽ പോകേണ്ട, വിളിച്ചാൽ മതി

കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് വന്നിട്ടുള്ളവരോ അവരുമായി എന്തെങ്കിലും സമ്പർക്കം ഉണ്ടായിട്ടുള്ളവരോ നേരിട്ട് ആശുപത്രികളിലേക്കോ ആരോഗ്യ കേന്ദ്രങ്ങളിലേക്കോ പോകേണ്ടതില്ല. താഴെ പറയുന്ന ഫോൺ നമ്പരുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ജില്ലാ കൺട്രോൾ റൂം 8281078680, 9495962691, 9544409240, 8281078680, 8547054770.