തൊടുപുഴ: ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ മികച്ച ആനിമൽ വെൽഫയർ ക്ലബ്ബിനുള്ള ജില്ലാതല പുരസ്‌കാരം തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു പി സ്‌കൂളിന് ലഭിച്ചു. പുരസ്‌കാരം പി.ജെ ജോസഫ് എംഎൽഎ വിതരണം ചെയ്തു. 'ഞാനും എന്റെ കുഞ്ഞാടും' പദ്ധതിയിലൂടെ ആട് വളർത്താൻ താല്പര്യമുള്ള അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് ആട്ടിൻ കുഞ്ഞുങ്ങളെ നൽകിയതും, മൃഗസംരക്ഷണ വകുപ്പ് നൽകിയ കോഴികളുടെ മുട്ടകൾ ശേഖരിച്ച് പ്രളയബാധിതരെ സഹായിച്ചതും, മൃഗസംരക്ഷണത്തിൽ തൽപരരായ കുട്ടികളുടെ വീടുകൾ സന്ദർശിച്ചും, മൃഗങ്ങൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയും നടത്തിയ പ്രവർത്തനങ്ങളാണ് സ്‌കൂളിനെ മികച്ച ആനിമൽ വെൽഫെയർ ക്ലബ്ബിനുള്ള അവാർഡിന് അർഹമാക്കിയത്. സ്വന്തം വീടുകളിൽ അഞ്ചിൽ കൂടുതൽ മൃഗങ്ങളെ നല്ലരീതിയിൽ പരിപാലിച്ചുവരുന്ന കുട്ടികളെ ' മൃഗമിത്ര 'പുരസ്‌കാരം നൽകി ചടങ്ങിൽ ആദരിച്ചു. സ്‌കൂൾ മാനേജർ ഫാ.ഡോ. ജിയോ തടിക്കാട് അദ്ധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സാജു ജോസഫ് അവാർഡ് പ്രഖ്യാപനം നടത്തി. സൗജന്യ ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജിജിമോൻ ജോസഫ് നിർവഹിച്ചു. അദ്ധ്യാപകരായ അനീഷ് ജോർജ്, ഷിന്റോ ജോർജ്, ബിന്ദു ഒലിയപ്പുറം എന്നിവർ സംസാരിച്ചു.