തൊടുപുഴ: സി.പി.എം കല്ലാർ ബ്രാഞ്ച് സെക്രട്ടറി സർക്കാർ ഭൂമി കൈയേറി പാട്ടത്തിനു നൽകിയതിന് ക്രിമിനൽ കേസെടുക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു. ഇത്തരം നഗ്നമായ നിയമലംഘനങ്ങളാണ് യഥാർത്ഥ കർഷകർക്ക് പട്ടയം ലഭിക്കാത്ത അവസ്ഥ ക്ഷണിച്ചു വരുത്തുന്നത്. കൈയേറ്റം ബോദ്ധ്യപ്പെട്ടിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും തുടർനടപടി സ്വീകരിക്കാത്തതുമായ റവന്യൂ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റി നിറുത്തി അന്വേഷിക്കണം. ഈ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ആലപ്പുഴ സ്വദേശിക്ക് സി.പി.എം നേതാവ് ഭൂമി പാട്ടത്തിനു നൽകിയത്. സി.പി.എമ്മിന്റെ ഒരു ഡസൻ പ്രമുഖ നേതാക്കൾ ഭൂമി കൈയേറി സ്ഥലം കൈവശം വച്ചിട്ടും അവരെ സംരക്ഷിക്കുന്നത് ഉന്നത സി.പി.എം നേതൃത്വമാണ്. .