തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 12ന് രാവിലെ 10 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യഗ്രഹം നടത്തുമെന്ന് കേരള കോ- ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമരം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. ഭരണ- പ്രതിപക്ഷ എം.എൽ.എമാർ പങ്കെടുക്കും. കേരളത്തിലെ പ്രാഥമിക സഹകരണ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവർക്ക് സഹകരണ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ട് കാൽ നൂറ്റാണ്ട് പിന്നിട്ടെങ്കിലും അടിസ്ഥാനപരമായ പല ആനുകൂല്യങ്ങളും ഇപ്പോഴും ലഭ്യമായിട്ടില്ല. പി.എഫിൽ നിന്നുള്ള തുക പെൻഷൻ ഫണ്ടിലേക്ക് മാറ്റി ജില്ലാ സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച് അതിൽ നിന്ന് ലഭിക്കുന്ന പലിശയിൽ നിന്നാണ് നാമമാത്രമായ പെൻഷൻ നൽകുന്നത്. ഈ രീതി തിരുത്തണമെന്നാണ് ആവശ്യം. ഇതിന് സഹകരണ നിയമത്തിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതികൾ ഉണ്ടാകണമെന്ന് ഇവർ ആവശ്യപ്പട്ടു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എ. ജോസഫ്, ജില്ലാ സെക്രട്ടറി ജോസഫ് സേവ്യർ, സി.എ. ജോസഫ്, ആന്റണി വർക്കി, ടി.എ. വിമൽകുമാർ എന്നിവർ പങ്കെടുത്തു.