തൊടുപുഴ: ഇടതുപക്ഷം ഒരു ഘടകകക്ഷിയോടുള്ള മര്യാദ തങ്ങളോട് കാണിച്ചില്ലെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ മാത്യു സ്റ്റീഫൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടത്തരം കർഷകന്റെയും കച്ചവടക്കാരന്റെയും യുവജനങ്ങളുടെയും പ്റശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട ഒരു മുന്നണിയുമായി ഇനിയും സഹകരിച്ച് പോകുന്നതിൽ അർത്ഥമില്ല. പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള ഐക്യനീക്കത്തിന് ശക്തി പകരാനാണ് ലയനം. ലയനം ആമാശയപരമല്ല, ആശയപരമാണ്. ഫ്രാൻസിസ് ജോർജിനല്ല, ആന്റണി രാജുവിനാണ് മാനസിക വിഭ്രാന്തി പിടിപ്പെട്ടിരിക്കുന്നതെന്ന് ആന്റണി രാജുവിന്റെ ആരോപണത്തിന് അദ്ദേഹം മറുപടി നൽകി. കേരള കോൺഗ്രസ് സ്ഥാപകരിലൊരാളായ കെ.എം. ജോർജിന്റെ മകനെ തെരുവിൽ തെറിവിളിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്ന് ആരും കരുതണ്ട. 90 ശതമാനം സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഭൂരിപക്ഷം ഭാരവാഹികളും പാർട്ടി പ്രവർത്തകരും ചെയർമാനോടൊപ്പമാണ്. 11 ജില്ലാ കമ്മിറ്റികളും തങ്ങൾക്കൊപ്പമാണ്. ലയനത്തിന് ശേഷം ഫ്രാൻസിസ് ജോർജിന് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.