കട്ടപ്പന: ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ബജറ്റിൽ കുടിവെള്ളം, പാർപ്പിടം, കാർഷിക മേഖല, മൃഗ സംരക്ഷണം, ആരോഗ്യം എന്നിവയ്ക്ക് മുൻഗണന. പ്രസിഡന്റ് റാണി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 21.28 കോടി രൂപ വരവും 19.96 കോടി രൂപ ചെലവും 1.31 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ലാലച്ചൻ വെള്ളക്കട അവതരിപ്പിച്ചു. പഞ്ചായത്തിലെ കുഴൽക്കിണറുകളും ഇതര ജലസ്രോതസുകളും നവീകരിക്കുന്നതും വീടുകളിലെ കിണറുകൾ റീചാർജ് ചെയ്യുന്നതിനുമായി 10 ലക്ഷം വകയിരുത്തി. കാർഷിക മേഖലയുടെ ഉന്നമനത്തിനായി 30 ലക്ഷം രൂപ ചെലവഴിക്കും. മൃഗ സംരക്ഷണ പ്രോത്സാഹനത്തിന്റെ ഭാഗമായി പാലിനു സബ്‌സിഡി, കന്നുകുട്ടി പരിപാലനം എന്നിവയ്ക്ക് 20 ലക്ഷം വകയിരുത്തി. വയോധികർക്കായി കട്ടിൽ, ജീവിതശൈലി രോഗനിവാരണം തുടങ്ങിവയ്ക്ക് ഏഴു ലക്ഷം ഉൾപ്പെടുത്തി. കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, കലാകായിക ഉന്നമനം എന്നിവയ്ക്ക് 3.5 ലക്ഷം രൂപ ചെലവഴിക്കും. കൂടാതെ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു 3.5 ലക്ഷവും സ്ത്രീ ശാക്തീകരണ പദ്ധതികൾക്ക് 12.5 ലക്ഷവും വകയിരുത്തി. 17.5 ലക്ഷം രൂപ ചെലവഴിച്ച് വീടുകളുടെ അറ്റകുറ്റപ്പണി നടത്തും. മാലിന്യ സംസ്‌കരണത്തിനും പ്ലാസ്റ്റിക് ശേഖരിക്കാൻ വാഹനം വാങ്ങുന്നതിനുമായി 15 ലക്ഷം വകയിരുത്തി. അഞ്ചുലക്ഷം രൂപ മുടക്കി പഞ്ചായത്തിലെ തെരുവു വിളക്കുകൾ എൽ.ഇ.ഡി. ബൾബുകളാക്കും. കൊച്ചുകാമാക്ഷി, അഞ്ചുമുക്ക്, തോവാളമെട്ട്, വാഴവര ചെമ്പകപ്പാറ, നെല്ലിപ്പാറ എന്നീ അംഗൻവാടികളുടെ നിർമാണം പൂർത്തീകരിക്കാൻ 15 ലക്ഷവും മറ്റു അംഗൻവാടികൾക്കായി അഞ്ചുലക്ഷവും ചെലവഴിക്കും. ഇരട്ടയാറിലെ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമാണം പൂർത്തീകരിക്കാൻ 80 ലക്ഷം വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിക്ക് 9.91 കോടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. റോഡ് വികസനംഒരു കോടി, ഇരട്ടയാർഇരട്ടയാർ നോർത്ത് റോഡ്30 ലക്ഷം, ഇടിഞ്ഞമലഅന്തോപ്പിക്കവല റോഡ്25 ലക്ഷം, കുടിവെള്ള വിതരണം16.5 ലക്ഷം, ദുരന്ത നിവാരണം10 ലക്ഷം, ഇരട്ടയാർ ടൗൺ സൗന്ദര്യവൽകരണംഅഞ്ച് ലക്ഷം എന്നിങ്ങനെയും തുക വകയിരുത്തി.