തൊടുപുഴ: രോഗപ്രതിരോധനത്തിന് പ്രാഥമികമാർഗമെന്ന നിലയിൽ ഉപയോഗിക്കുന്ന ഫെയ്‌സ് മാസ്‌ക്ക് (മുഖാവരണം) ജില്ലയിലൊരിടത്തും കിട്ടാനില്ല. തൊടുപുഴയിൽ ഒരു മെഡിക്കൽ സ്റ്റോറിലും മാസ്‌കുകൾ ലഭ്യമല്ല.
കടുത്ത ക്ഷാമമുണ്ടായതോടെ മാസ്‌കുള്ള കടകളിൽ വില കുത്തനെ ഉയർന്നു. നാല് രൂപ വിലയുണ്ടായിരുന്ന രണ്ട് ലെയർ മാസ്‌കുകൾക്ക് 15- 20 രൂപയാണ് ഇപ്പോൾ വില. 10 രൂപയുടെ മൂന്ന് ലെയർ മാസ്‌കിന് 30 രൂപ വരെ വിലയായി. 40 രൂപ വിലയുണ്ടായിരുന്ന എൻ 95 മാസ്‌കുകൾക്ക് 80 മുതൽ 200 രൂപ വരെ വിലയായി. എന്നാൽ മാസ്കുകൾ വൻവിലയ്ക്കാണ് ഇപ്പോൾ തങ്ങൾക്ക് കമ്പനികളിൽ നിന്ന് നൽകുന്നതെന്ന് കടയുടമകളും പറയുന്നു. മെഡിക്കൽ സ്റ്റോറുകളിൽ ദിവസേന നൂറുകണക്കിന് ആളുകളാണ് മാസ്‌ക് തേടി എത്തുന്നത്. ഹാൻഡ് സാനിറ്റൈസറുകൾക്കും ക്ഷാമം രൂക്ഷമാണ്. സൂപ്പർമാർക്കറ്റുകളിൽ ഉൾപ്പെടെ പരിമിതമായ സ്റ്റോക്കണുള്ളത്. ഇവയ്ക്ക് 400 മുതൽ 500രൂപ വരെ ഇപ്പോൾ വിപണിയിൽ വിലയുണ്ട്. ചെറിയ കുപ്പികളിലുള്ള ഹാൻഡ് സാനിറ്റൈസറുകൾക്ക് 60- 100 രൂപയാണ് വില.
''രണ്ട് ദിവസത്തിൽ കൂടുതലായി മാസ്‌ക് തീർന്നിട്ട്. എറണാകുളത്ത് നിന്നുള്ള കമ്പനിയാണ് മാസ്‌ക് എത്തിക്കുന്നത്. തീർന്നപ്പോൾ തന്നെ ഓർഡർ ചെയ്‌തെങ്കിലും സ്റ്റോക്കില്ലെന്നാണ് അവർ പറയുന്നത്. ദിവസവും നൂറുകണക്കിന് പേരാണ് മാസ്‌ക് ചോദിച്ച് കടയിൽ വരുന്നത്''
വിജയൻ (മെഡിക്കൽ സ്റ്റോർ ഉടമ)
''ജില്ലയിലെ ഡോക്ടർമാരടക്കമുള്ള ആരോഗ്യവകുപ്പ് ജീവനക്കാർക്ക് മാസ്‌കും സാനിറ്റൈസറുകളും ആവശ്യത്തിന് ഉണ്ട്. ആവശ്യമനുസരിച്ച് ആരോഗ്യ വകുപ്പ് മാസ്‌ക് എത്തിക്കുന്നുണ്ട്.''
ഡോ. എൻ. പ്രിയ (ഡി.എം.ഒ)
വില കൂട്ടിയാൽ നടപടി
കടകളിൽ മാസ്‌ക് വില കൂട്ടി വിൽക്കുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ പറഞ്ഞു. ഇത് ശ്രദ്ധയിൽപ്പെട്ടാൽ 04862233130, 04862233111 ഈ നമ്പറിൽ ബന്ധപ്പെടുക.
ആരെല്ലാം മാസ്‌ക് ഉപയോഗിക്കണം ?
രോഗികളോ രോഗലക്ഷണങ്ങളോ ഉള്ളവർ, രോഗികളുമായി അടുത്ത് സമ്പർക്കമുള്ളവർ (പ്രധാനമായും ആരോഗ്യ പ്രവർത്തകർ )
രോഗമില്ലാത്തവർ മാസക് ഉപയോഗിക്കുന്നതിനു അധിക പ്രാധാന്യം ഇല്ല. എല്ലാവരും വാങ്ങിക്കൂട്ടിയാൽ ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും ആവശ്യത്തിനു മാസ്‌ക്കുകൾ ലഭിക്കുന്നതിനു തടസം സൃഷ്ടിച്ചേക്കാം.
എൻ 95 മാസ്‌ക്കുകൾ പ്രധാനമായും ആരോഗ്യ പ്രവർത്തകർക്കും രോഗിയെ പരിചരിക്കുന്നവർക്കും വേണ്ടിയുള്ളതാണ്. മറ്റുള്ളവർ 3 ലെയർ സർജിക്കൽ മാസ്‌കാണ് ധരിക്കേണ്ടത്. അത് 46 മണിക്കൂർ കഴിയുമ്പോഴോ നനയുകയോ മറ്റോ ചെയ്താൽ മാറ്റുകയും വേണം.
മാസ്‌ക് എങ്ങനെ ധരിക്കണം ?
സോപ്പും വെള്ളവും അല്ലെങ്കിൽ ആൽക്കഹോൾ ബേസ്ഡ് സാനിറ്റെസർ ഉപയോഗിച്ച് കൈകൾ നിർദ്ദിഷ്ട രീതിയിൽ 20 സെക്കന്റ് എങ്കിലും കഴുകുക
നീല/പച്ച നിറമുള്ള ഭാഗം പുറമെയും വെള്ള നിറമുള്ള ഭാഗം ഉൾവശത്തായും വരും രീതിയിലാണ് മാസ്‌ക് ധരിക്കേണ്ടത്.
മാസ്‌കിന്റെ മുകൾ ഭാഗം മൂക്കിന് മുകളിലായി മൂക്കും വായും മൂടുന്ന രീതിയിൽ വച്ചു കെട്ടുക
പുറമെയുള്ള ഭാഗം മറ്റുള്ളവർ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന സ്രവങ്ങളും മറ്റും അകത്തേക്ക് കടക്കുന്നത് തടയുകയാണ് ചെയ്യുന്നത്. എങ്കിലും സൂക്ഷ്മ രോഗാണുക്കൾ ഉള്ളിൽ എത്തുന്നത് അത്രയ്ക്ക് തടയണമെന്നില്ല
ഉൾഭാഗം നമ്മൾ തുമ്മുമ്പോഴും സംസാരിക്കുമ്പോഴും തെറിക്കുന്ന കണങ്ങൾ പുറത്തു പോകാതെ നോക്കും. മുഖവും മാസ്‌കും തമ്മിൽ വിടവുകളൊന്നുമില്ലെന്ന് ഉറപ്പാക്കുക.
മാസ്‌കിന്റെ മുൻഭാഗത്ത് സ്പർശിക്കരുത്. അഥവാ സ്പർശിച്ചാൽ കൈകൾ വീണ്ടും 20 സെക്കന്റ് കഴുകുക.
മാസ്‌ക് അഴിച്ചെടുക്കുമ്പോൾ മാസ്‌കിന്റെ മുൻഭാഗത്ത് സ്പർശിക്കരുത്. പിന്നിൽ നിന്ന് അതിന്റെ വള്ളിയിൽ പിടിച്ച് അഴിച്ചെടുക്കുക. എന്നിട്ട് അടപ്പുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക. കൈകൾ വീണ്ടും വൃത്തിയാക്കുക.