തൊടുപുഴ: വർഷങ്ങളായിട ചുവപ്പ് നാടയുടെ ഊരാക്കുരുക്കിൽപെട്ട് കിടന്നിരുന്ന തുടങ്ങനാട് സ്‌പൈസസ് പാർക്കിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ മൂന്ന്പേ രുടെ വസ്തു രജിസ്റ്റർ ചെയ്തു. ഇന്ന് രണ്ട്പേരുടെ സ്ഥലംകൂടി രജിസ്റ്റർ ചെയ്യും. ഇപ്പോൾ രജിസ്റ്റർ ചെയ്ത് ഏറ്റെടുത്തിരിക്കുന്ന സ്ഥലത്ത് സ്പൈസസ്‌ പാർക്കിന്റെ ഓഫീസ് പ്രവർത്തിച്ച് തുടർ നടപടികൾ പൂർത്തീകരിക്കാനാണ് സർക്കാർ തലത്തിൽ തീരുമാനം. സംസ്ഥാന സർക്കാർ കിൻഫ്രക്ക് നൽകിയിരിക്കുന്ന തനത് ഫണ്ടിൽ നിന്ന് 10 കോടി രൂപയിൽ 9.53 ലക്ഷം രൂപ ഉപയോഗിച്ചാണ് 5 ആളുകളുടെ വസ്തു ഇപ്പോൾ ഏറ്റെടുക്കുന്നത്.

ചുക്ക്,കുരുമുളക്,കാപ്പി,ജാതിക്ക,അടക്ക, കൊക്കോ തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങൾ കർഷകരിൽ നിന്നും സംഭരിക്കുകയും,കർഷകരിൽ നിന്നും സംഭരിച്ച കാർഷിക ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനും,വ്യാവസായികാടി സ്ഥാനത്തിൽ സംസ്‌ക്കരണം നടത്തുന്നതിനും വേണ്ടിയാണ് വർഷങ്ങൾക്ക് മുൻപ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരഭമായി മുട്ടത്ത് തുടങ്ങനാട് സ്‌പൈസസ്പാർക്ക് എന്ന പദ്ധതി വിഭാവനം ചെയ്തത്.

തുടങ്ങനാട്ടിൽ സംസ്ഥാന വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുളള വ്യവസായ എസ്റ്റേറ്റിൽ സ്‌പൈസസ് പാർക്ക് ആരംഭിക്കുന്നതിന് സർക്കാർ തലത്തിൽ തീരുമാനിക്കുകയും ചെയ്തു.എന്നാൽ മാറി മാറി വന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പദ്ധതിയോട് താൽപര്യമില്ലാതിരുന്നതിനാൽ സ്‌പൈസസ് പാർക്ക് എന്ന സ്വപ്‌നം യാഥാർത്ഥ്യമായില്ല.പ്രാദേശികമായിട്ടുണ്ടായ ചില പ്രശ്‌നങ്ങളും പദ്ധതി യാഥാർത്ഥ്യമാകാൻ തടസ്സമായി.പദ്ധതിക്ക് വേണ്ടി തുടങ്ങനാട് വ്യവസായ എസ്റ്റേറ്റിനോട് ചേർന്നുളള സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുളള സ്ഥലം പൊന്നുംവിലക്ക് ഏറ്റെടുക്കാൻ സർക്കാർ തലത്തിൽ നടപടികൾ പൂർത്തീകരിച്ചു.എന്നാൽ സർക്കാർ നിശ്ചയിച്ച തുകയ്ക്ക് സ്ഥലം വിട്ട് നൽകിയാൽ തങ്ങൾക്ക് ഭീമമായ നഷ്ടം ഉണ്ടാകുമെന്ന കാരണത്താൽ സ്ഥലം ഉടമകൾ കോടതിയെ സമീപിച്ചു. ഇതോടെ സ്‌പൈസസ് പാർക്കിന്റെ തുടർ പ്രവർത്തനങ്ങൾ സ്തംഭിച്ചു.

സ്‌പൈസസ് പാർക്കിന് ആകെ വേണ്ടിയിരുന്നത് നൂറ്റൊന്ന് ഏക്കർ സ്ഥലമായിരുന്നു.എന്നാൽ തുടങ്ങനാട്ടിൽ വ്യവസായ എസ്റ്റേറ്റിന്റെ ഉടമസ്ഥതയിൽ പതിനാറ് ഏക്കർ സ്ഥലം മാത്രമാണ് ഉണ്ടായിരുന്നത്.ഇത് പദ്ധതി പ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്ന് കണ്ടാണ് ബാക്കി എൺപത്തഞ്ച് ഏക്കർ സ്ഥലം സ്വകാര്യ വ്യക്തികളിൽ നിന്ന് പൊന്നും വില നിശ്ചയിച്ച് ഏറ്റെടുക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചത്.ഇതോടെ ഇരുപത്തെട്ടോളം സ്ഥല ഉടമകൾ തങ്ങളുടെ സ്ഥലം വിട്ട് നൽകാൻ തയ്യാറായി .പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലം നടപ്പ് വഴി, മണ്ണ് റോഡ്,ടാറിട്ട റോഡ്,പഞ്ചായത്ത് റോഡ്,സംസ്ഥാന പാത എന്നിങ്ങനെ തരം തിരിച്ച് കളക്ടർ ചെയർമാനായ ജില്ലാ തല പർച്ചേസിങ്ങ് കമ്മിറ്റി സ്ഥലത്തിന് വില നിശ്ചയിച്ചിരുന്നു.സ്ഥല ഉടമകളുടെ ദേഹണ്ഠങ്ങൾക്കും ജില്ലാ തല പർച്ചേസിംഗ് കമ്മിറ്റി പ്രത്യേകമായ വില നിശ്ചയിച്ചിരുന്നു.സ്ഥലത്തിന്റെ വില നിലവാരം സംബ്ബന്ധിച്ച് ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിന് സ്‌റ്റേറ്റ് ലെവൽ എംപവർ കമ്മിറ്റി അംഗീകാരം നൽകിയിരുന്നു.എന്നാൽ തുടർ നടപടികൾ വർഷങ്ങളോളം ചുവപ്പ് നാടയിൽ കുരുങ്ങി .എന്നാൽ ഈ വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ തുടങ്ങനാട് സ്‌പൈസസ് പാർക്ക് യാഥാർഥ്യക്കുമെന്നുള്ള പ്രഖ്യാപനം വന്നിരുന്നു. ഇതാണ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സ്ഥലം ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കിയത്.

കിൻഫ്ര ജനറൽ മാനേജർ, ഫിനാൻസ് ഓഫീസർ, ലീഗൽ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.