മുട്ടം: അപകടം എന്തിന് ക്ഷണിച്ചുവരുത്തണം? കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമറിലേക്ക് വിരൽചൂണ്ടി നാട്ടുകാരുടെ അടക്കംപറച്ചിൽ തുടരുകയാണ്. മലങ്കര അണക്കെട്ടിന്റെ ഭാഗമായുള്ള മാത്തപ്പാറ കുടിവെള്ളപദ്ധതിയുടെ പമ്പ് ഹൗസിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി സ്ഥാപിച്ച കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമറും അനുബന്ധ ഉപകരണങ്ങളും അപകടാവസ്ഥയിലായിട്ടും അധികൃതർക്ക് അറിഞ്ഞഭാവമില്ല. മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലേക്ക് മാത്തപ്പാറയിൽ നിന്നാണ് ജലവിതരണം നടത്തുന്നത്. ട്രാൻസ്ഫോമറിനകത്ത് നിന്ന് വിഷമയമുള്ള ഓയിൽ വ്യാപകമായി ഒലിച്ചിറങ്ങുന്നതാണ് ഭീഷണിയാകുന്നത്. ട്രാൻസ്ഫോമറിലെ ഫ്യൂസിന്റെ കേബിളും ഇൻസുലേഷനും ഉരുകി ദ്രവിച്ചിട്ടുമുണ്ട്. ട്രാൻസ്ഫോമറിൽ നിന്നുള്ള ഓയിൽ മലങ്കര അണക്കെട്ടിലേക്കാണ് ഒഴുകി എത്തുന്നത്. ഓയിൽ ഒലിച്ചിറക്കുന്നത് പൊട്ടിത്തെറിക്ക് സാധ്യത വർദ്ധിപ്പിക്കുകയാണ്. കുടിവെള്ള പദ്ധതിയിലേക്കുളള കേബിൾ വലിച്ചിരിക്കുന്നത് അണക്കെട്ടിന് മുകളിലൂടെയാണ്.ട്രാൻസ്ഫോമർ മാത്തപ്പാറ റോഡിന്റെ അരിക് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.അംഗൻവാടി കുട്ടികൾ ഉൾപ്പെയുളള അനേകം ആളുകളാണ് ഇതിന്റെ ഓരം ചേർന്ന് നിത്യവും കടന്നുപോകുന്നത്.

ഉയരുന്ന അപകടസാധ്യത

മലങ്കര അണക്കെട്ടിൽ വെള്ളത്തിന്റെ തോത് ക്രമാതീതമായി ഉയരുമ്പോൾ ട്രാൻസ്ഫോമറിന്റെ ചുറ്റിലും വെള്ളം നിറയുന്നത് അപകടകരമായ അവസ്ഥയാണ്. കുടിവെള്ള പദ്ധതിയിലേക്ക് മാത്രമല്ല അമ്പാട്ട് കോളനി,മാത്തപ്പാറ പ്രദേശങ്ങളിലേക്കുളള വൈദ്യുതിയും ഈ ട്രാൻസ്ഫോമറിലൂടെയാണ് കടന്നുപോകുന്നത്. ഫ്യൂസ് പ്രവർത്തിപ്പിക്കാനും മറ്റുമെത്തുന്ന വൈദ്യുതി,വാട്ടർ അതോറിട്ടി ജീവനക്കാരും ഏറെ ഭയത്തോടെയാണ് ട്രാൻസ്ഫോമറിൽ ജോലികൾ ചെയ്യുന്നത്. ട്രാൻസ്ഫോമറിന്റേയും അനുബന്ധസാമഗ്രികളുടേയും അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുട്ടം പഞ്ചായത്ത് ഭരണസമിതിയും പ്രദേശവാസികളും നിരവധി പരാതികൾ അധികൃതർക്ക് നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല.