 12ൽ എട്ടും നെഗറ്റീവ്,​ ഇനി ഫലം കാത്ത് നാല് പേർ

തൊടുപുഴ: ഇടുക്കി ജില്ലയിൽ 45 സ്വദേശികളും മൂന്ന് വിദേശികളുമടക്കം 48 പേർ കോവിഡ്- 19 നിരീക്ഷണത്തിൽ. രോഗലക്ഷണങ്ങളുള്ള 12 പേരിൽ പരിശോധന ഫലം ലഭിച്ച എട്ടു പേരുടേത് നെഗറ്റീവാണ്. മറ്റു നാല് പേരുടെ രണ്ടു ദിവസത്തിനകം ലഭിക്കും. ഇതിൽ രണ്ട് പേർ വിദേശികളാണ്. നിലവിൽ ഡൽഹിയിൽ നിന്നെത്തിയ ഉത്തരേന്ത്യക്കാരൻ ഇടുക്കി മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ കഴിയുന്നുണ്ട്. ബാക്കിയുള്ളവർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. പെരിയാർ ടൈഗർ റിസർവ്, ഇരവികുളം ദേശീയ ഉദ്യാനം തുടങ്ങിയ വിനോദസഞ്ചാരമേഖലയിലേക്കുള്ള സന്ദർശനം 31 വരെ നിരോധിച്ചു.

വ്യാജവാർത്തയ്ക്കെതിരെ കർശന നടപടി
അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടിയെടുക്കും. ഇതിനായി സൈബർ സെൽടീം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഫോൺ മെസേജുകളിലൂടെയും ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ പറഞ്ഞു. ഇത് ശ്രദ്ധയിൽപ്പെട്ടാൽ 04862233130, 04862233111 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

വിവരങ്ങൾ നൽകണം
ഇറാൻ, ഇറ്റലി, ചൈന, ഹോംഗോംങ്, തായ്‌ലന്റ്, സിംഗപ്പൂർ, ജപ്പാൻ, സൗത്ത് കൊറിയ, വിയറ്റ്‌നാം, നേപ്പാൾ, ഇൻഡോനേഷ്യ, മലേഷ്യ എന്നീ രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നെത്തിയവരുടെ വിവരങ്ങൾ നൽകിയാൽ മതിയെന്ന് ഇപ്പോൾ ആരോഗ്യ വകുപ്പിൽ നിന്നറിയിച്ചിട്ടുണ്ട്.


പൊതുപരിപാടികൾക്ക് നിയന്ത്രണം

പൊതുപരിപാടികൾക്ക് 31 വരെ ജില്ലയിൽ നിയന്ത്രണം. ആൾക്കൂട്ടം ഒഴിവാക്കണം. വിവാഹം, രാഷ്ട്രീയവും മതപരമായ പരിപാടികൾ, അവധിക്കാല ട്യൂഷൻ കോച്ചിംഗ് ക്ലാസുകൾ, യാത്രകൾ തുടങ്ങിയവ ഒഴിവാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. സിനിമാ തീയറ്ററുകൾ, പൊതു സ്ഥലങ്ങളിലെ സന്ദർശനം ഒഴിവാക്കണം.