ചെറുതോണി: അടിമാലി കുമിളി ദേശീയ പാതയിലെ നിർമ്മാണത്തിലെ അശസ്ത്രിയത മൂലം ഇടുക്കി നാരകക്കാനത്ത് കലുങ്കിലേക്ക് ഇടിച്ചു കയറിയ പിക്കപ്പ് കലുങ്കിനെ നിരക്കി നീക്കി. നാരകക്കാനത്തിന് സമീപം ഇന്നലെ പുലർച്ചെയാണ് പിക്കപ്പ് വാൻ അപകടത്തിൽ പെട്ടത്. പുതുതായി നിർമ്മിച്ച കലുങ്കിലേക്ക് ഇടിച്ചു കയറിയ വാഹനം കലുങ്കിനെ മീറ്ററുകൾ ദൂരത്തേക്ക് നിരക്കി നീക്കി. നിർമ്മാണത്തിലെ അപാകതമൂലമാണ് കരിങ്കൽ കെട്ട് നിരങ്ങി നീങ്ങിയത്. പാലവുമായി യാതൊരു ബന്ധവും ഇല്ലാതെയാണ് കലുങ്ക് നിർമിച്ചിരുന്നത്. പഴയ കലുങ്കുകൾക്ക് ചുറ്റും ഇരുമ്പ് പെട്ടി അടിച്ച് കോൺക്രീറ്റ് ചെയ്യുന്ന നിർമ്മാണ രീതിയാണ് ദേശീയ പാതാ വിഭാഗം പിന്തുടരുന്നത്. ഇതേ പാതയിൽ നിർമ്മാണത്തിലിരിക്കുന്ന കലുങ്കുകളും ഇത്തരത്തിലുള്ളവയാണെന്ന് വ്യക്തമാവുകയാണ്. ഐറീഷ് ഓടകളുടെ നിർമ്മാണത്തിലും അശാസ്ത്രിയത കടന്ന് കൂടിയിട്ടുള്ളതായി നാട്ടുകാർ പറയുന്നു. കലുങ്കിന് മുകളിൽ കോൺക്രീറ്റ് ഇടുന്നതിനായി നിർമിക്കുന്ന പെട്ടിക്കുള്ളിൽ നിർമാണ സാധനങ്ങളുടെ വേസ്റ്റും കരിങ്കല്ലുമുൾപ്പെടെ നിറച്ചാണ് പണി പൂർത്തിയാക്കിയിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. അതിനാൽ റോഡ് നിർമാണം നടത്തുന്ന സമയത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാത്തതിനാലാണ് അഴിമതി നടത്തുന്നതെന്നും നാട്ടുകാരാരോപിക്കുന്നു. ഇതിനെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും വിജിലൻസിനും പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.