രാജാക്കാട്: കുരുവിളാ സിറ്റിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ സ്‌കൂട്ടർ
ആട്ടോറിക്ഷയിലിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിന് സാരമായി പരിക്കേറ്റു. കുരുവിളാസിറ്റി കിഴക്കേടത്ത് രാജുവിന്റെ മകൻ അഭിജിതാണ് (20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പള്ളിക്കുന്ന് മരോട്ടിക്കൽ ആൽബിനെ സാരമായ പരിക്കുകളോടെ രാജകുമാരിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം നടന്നത്. പഠനം കഴിഞ്ഞ് പെയിന്റിംഗ് ജോലി ചെയ്യുകയായിരുന്ന അഭിജിത്ത് ആൽബിനുമായി സ്‌കൂട്ടറിൽ വരുന്നതിനിടെ രാജാക്കാട്- പൂപ്പാറ സംസ്ഥാന പാതയിൽ കുരുവിളസിറ്റിക്ക് സമീപം കൊടുംവളവിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. മുന്നോട്ട് റോഡിലൂടെ നിരങ്ങിപ്പാഞ്ഞ സ്‌കൂട്ടർ എതിരെ രാജകുമാരി ഭാഗത്ത് നിന്ന് വന്ന ആട്ടോറിക്ഷയുടെ അടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സമീപവാസികളും മറ്റ് യാത്രികരും ചേർന്ന് പരിക്കേറ്റവരെ പുറത്തെടുത്തെങ്കിലും അഭിജിത്ത് മരിച്ചിരുന്നു.