തൊടുപുഴ: ശബരി റെയിൽ പദ്ധതിക്ക് വീണ്ടും പ്രതീക്ഷ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പകുതി തുക സംസ്ഥാനം വഹിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ നിവേദക സംഘത്തോട് അനുകൂലമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സ്ഥലം ഉടമകളുടെ ക്ലേശങ്ങളെ കുറിച്ച് സംസ്ഥാന സർക്കാരിന് ബോദ്ധ്യം ഉണ്ടെന്നും പകുതി നിർമാണ ചെലവ് വഹിക്കുന്ന കാര്യം പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ശബരി റെയിൽവെയുടെ ചെലവ് പങ്കിടാനുള്ള പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം സംഘത്തെ അറിയിച്ചു. കിഫ്ബിയിൽ നിന്ന് ശബരി റെയിൽവേയ്ക്ക് ഫണ്ട് നീക്കി വെയ്ക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും നിവേദക സംഘം ആവശ്യപ്പെട്ടു. ശബരി റെയിൽവേയ്ക്കായി കേന്ദ്രവുമായി എം.ഒ.യു ഒപ്പു വെച്ചതിന് ശേഷമാണ് സംസ്ഥാനം ചെലവ് പങ്കിടുന്ന കാര്യത്തിൽ പിന്നോട്ട് പോയതെന്നും അതിനാൽ ചിലവ് പങ്കിടാതെ ശബരിപാത നിർമാണം ഇനി മുമ്പോട്ട് കൊണ്ടു പോകാൻ കേന്ദ്രസർക്കാരിനാകില്ലെന്നും റെയിൽവേ മന്ത്രി പറഞ്ഞതായി ഡീൻ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിയെ അറിയിച്ചു. ഡീൻ കുര്യാക്കോസ് എംപി, എം.എൽ.എമാരായ പി.ടി. തോമസ്, പി.ജെ. ജോസഫ്, എൽദോ എബ്രഹാം, എൽദോസ് കുന്നപ്പള്ളി, മുൻ എം.എൽ.എമാരായ ബാബു പോൾ, ഗോപി കോട്ടമുറിക്കൽ, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ഡിജോ കാപ്പൻ, പി.എം. ഇസ്മായിൽ, ജിജോ പനച്ചിനാനി, അജി ബി.റാന്നി, ഗോപാലൻ വെണ്ടുവഴി, ഷാജി ഭാസ്‌കർ എന്നിവരാണ് മുഖ്യമന്ത്രിയക്ക് നിവേദനം നൽകിയത്.