hhh

കട്ടപ്പന: കട്ടപ്പന നഗരത്തെ ഭക്തിസാന്ദ്രമാക്കിയും കാഴ്ചക്കാർക്ക് വർണവിസ്മയമൊരുക്കിയും മഹാഘോഷയാത്ര. ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ഉത്രം തിരുനാൾ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു. അഞ്ച് കരകളുടെ ഘോഷയാത്രകൾ ഇടുക്കിക്കവല ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ സംഗമിച്ചശേഷം രാത്രി എട്ടോടെ മഹാഘോഷയാത്രയായി ആരംഭിച്ചു. അർദ്ധനാരീശ്വരനും മഹാദേവനും അയ്യപ്പനും വാവരുമടക്കം പുരാണ ഐതീഹ്യങ്ങളുടെ ദൃശ്യാവിഷ്‌കാരവും കാഴ്ചക്കാർക്ക് ദൃശ്യവിരുന്നായി. ഇതോടൊപ്പം പടയണിയും കരകനൃത്തവും മയിലാട്ടവുമടക്കമുള്ള പരമ്പരാഗത നൃത്തരൂപങ്ങളും അണിനിരന്നു. എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, വൈസ് പ്രസിഡന്റ് വിധു എ.സോമൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പ്രവീൺ വട്ടമല, സന്തോഷ് ചാളനാട്ട്, പി.ആർ. രമേശ് തുടങ്ങിയവർ നേതൃത്വം നൽകി.