തൊടുപുഴ: നഗര പ്രദേശങ്ങളിൽ തകർന്നുകിടക്കുന്ന മുഴുവൻ റോഡുകളും മങ്ങാട്ടുകവല ബസ് സ്റ്റാന്റിലെ തകർന്നുകിടക്കുന്ന ഭാഗങ്ങളും യുദ്ധകാല അടിസ്ഥാനത്തിൽ ടാർ ചെയ്ത് പൊതുജനങ്ങളുടെയും കച്ചവടക്കാരുടെയും ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷന്റെ കീഴിലുള്ള എട്ട് മേഖലാ കമ്മിറ്റികളുടെ പൊതുയോഗം അധികാരികളോട് ആവശ്യപ്പെട്ടു. യോഗം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് സുബൈർ എസ്. മുഹമ്മദ് ഉത്ഘാടനം ചെയ്തു. തിരഞ്ഞെടുത്ത എട്ട് മേഖലാ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. യൂണിറ്റ് പ്രസിഡന്റ് ടി.സി. രാജു അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, വൈസ് പ്രസിഡന്റ് സാലി എസ്. മുഹമ്മദ്, ജില്ലാ സെക്രട്ടറി ആർ. രമേശ്, ട്രഷറർ പി.ജി. രാമചന്ദ്രൻ, ബേബി കൊറ്റാഞ്ചേരിൽ എന്നിവർ സംസാരിച്ചു.
പൊതുപരിപാടികൾ മാറ്റിവെച്ചു
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി കച്ചവടക്കാരും പൊതുജനങ്ങളും പാലിക്കണം. കൂടാതെ, കച്ചവടക്കാർ കൊറോണ വൈറസ് പ്രതിരോധ സാമഗ്രികൾ ഗുണനിലവാരമുള്ളതും വിലകുറച്ചും ലഭ്യമാക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. 31 വരെയുള്ള തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായും യോഗം അറിയിച്ചു.