nirmal2

തൊടുപുഴ: ബൈക്കുകൾ കൂട്ടിയിടിച്ച് യുവ ക്രിക്കറ്റ്താരം മരിച്ചു. 19 വയസിൽ താഴെയുള്ളവരുടെ കേരള ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു കട്ടപ്പന വലിയപാറ വള്ളോമാലിൽ ജയ്‌മോന്റെ മകൻനിർമൽ ജെയ്‌മോൻ (19) ആണ് മരിച്ചത്.ചൊവ്വാഴ്ച്ച രാത്രി 8.30 ന് മുട്ടം കുരുശുപള്ളിക്കവലയിലാണ് അപകടമുണ്ടായത് . കട്ടപ്പന ഐ ടി ഐ വിദ്യാർത്ഥിയായിരുന്നു നിർമ്മൽ. തൊടുപുഴ മണക്കാട് സ്‌കൂളിലാണ് നിർമ്മൽ പ്ലസ്ടു പഠിച്ചത്.മണക്കാട് സ്‌കൂളിൽ പ്ലസ്ടു വിന്റെ ഒരു വിഷയത്തിന്റെ പരീക്ഷ എഴുതുന്നതിന് വേണ്ടി കട്ടപ്പനയിലുള്ള സുഹൃത്തിനോടൊപ്പം ബൈക്കിൽ വരവെയാണ് അപകടം. മുന്നിൽ പോയ ബൈക്ക് യാത്രികൻ പെട്ടന്ന് വലത് വശത്തേക്ക് തിരിച്ചപ്പോഴാണ് നിർമ്മൽ ഓടിച്ചിരുന്ന ബൈക്ക് മുന്നിലെ ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിർമ്മൽ ഓടിച്ചിരുന്ന ബൈക്ക് റോഡരുകിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഇരുവരും റോഡിൽ വീണു. സാരമായ പരിക്ക് പറ്റിയ നിർമ്മലിനെ മുട്ടത്തേയും പിന്നീട് തൊടുപുഴയിലേയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. നിർമ്മലിനോടൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന കട്ടപ്പന സ്വദേശി അനന്തുവിനെ സാരമായ പരിക്കുകളോടെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

നിർമ്മലിന്റെ സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കട്ടപ്പന സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. മാതാവ് : എൽസി. സഹോദരങ്ങൾ: നിമ, അലൻ.