chicken

കട്ടപ്പന/ തൊടുപുഴ: പക്ഷിപ്പനിയും കൊറോണയും ഭീതി പടർത്തിയതോടെ ഇറച്ചികോഴികളുടെ വില വൻതോതിൽ ഇടിഞ്ഞു. ഒരാഴ്ചയ്ക്കിടെ 20- 25 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. കട്ടപ്പനയിൽ കിലോഗ്രാമിന് 60 രൂപയ്ക്കാണ് ചില്ലറ വിൽപനയെങ്കിൽ തൊടുപുഴയിലത് 45- 50 രൂപയാണ്. ഫാമുകളിൽ നിന്ന് 30 രൂപയ്ക്ക് വരെ കോഴികളെ വിൽക്കുന്നുണ്ട്. തമിഴ്നാട്ടിലെ ഫാമുകളിൽ ഉത്പാദനം കുത്തനെ ഉയർന്നതും വില ഇടിയാൻ കാരണമായതായി വ്യാപാരികൾ പറയുന്നു. തമിഴ്നാട്ടിലെ കമ്പം, തേനി, ഉത്തമപാളയം, ഗൂഡല്ലൂർ, രായപ്പൻപെട്ടി തുടങ്ങിയ സ്ഥലങ്ങളിലെ ഫാമുകളിൽ നിന്നാണ് ഇടുക്കിയിലേക്ക് കൂടുതലായി ഇറച്ചിക്കോഴി കയറ്റുമതി ചെയ്യുന്നത്. അതേസമയം തൊടുപുഴ മേഖലകളിൽ കൂടുതലും ഇവിടെ തന്നെയുള്ള ഫാമുകളിലെ കോഴികളാണ് കൂടുതലും വിൽക്കുന്നത്. വില കുറഞ്ഞതോടെ രണ്ടര കിലോഗ്രാം മുതൽ തൂക്കമുള്ള ഇറച്ചിക്കോഴികളാണ് വ്യാപാരകേന്ദ്രങ്ങളിൽ എത്തുന്നത്. കൊറോണ, പക്ഷിപ്പനി ഭീതിയെ തുടർന്ന് മറ്റു ജില്ലകളിലേക്കുള്ള കയറ്റുമതി കുറഞ്ഞതും വില ഇടിയാൻ കാരണമായി. ക്രൈസ്തവ വിശ്വാസികൾ വലിയനോമ്പ് ആചരിക്കുന്നതിനാൽ വിവാഹം, ഗൃഹപ്രവേശം, ആദ്യകുർബാന തുടങ്ങിയ ചടങ്ങുകൾ ഇല്ലാത്തതിനാലും ഇറച്ചിക്കോഴിയുടെ ഡിമാൻഡ് കുറഞ്ഞു. വീടുകളിലേയ്ക്ക് കോഴി വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ ഇടിവാണ് ഉണ്ടായത്. നിലവിൽ ഹോട്ടലുകളിലും തട്ടുകടകളിലുമാണ് ചിക്കൻ വിഭവങ്ങൾ ഉള്ളത്.

ഹോട്ടലുകളിൽ വിലക്കുറവില്ല

ഇറച്ചികോഴിക്ക് ഇരുപതിലേറെ രൂപ കുറഞ്ഞെങ്കിലും ചിക്കൻ വിഭവങ്ങൾക്ക് ഹോട്ടലുകളിൽ വില കുറഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ തന്നെ നഷ്ടത്തിലാണ് കച്ചവടമെന്നും ഇനിയും വില കുറച്ചാൽ ഹോട്ടൽ പൂട്ടേണ്ടി വരുമെന്നും ഹോട്ടലുടമകൾ പറയുന്നു.

ഫാമുകൾ നഷ്ടത്തിൽ

വിലയിടിഞ്ഞതോടെ കോഴിയെ വളർത്തുന്ന ഫാമുകൾ വലിയ നഷ്ടത്തിലായി. ഇറച്ചികോഴികളെ ദിവസവും തീറ്റ നൽകി വളർത്തുന്നത് വൻ ചെലവാണ്. കനത്ത ചൂടിൽ പലയിടത്തും കോഴികൾ ചാകുന്നതും പതിവായിട്ടുണ്ട്. ഇതോടെ നഷ്ടം സഹിച്ചും എത്രയും പെട്ടെന്ന് കിട്ടുന്ന വിലയ്ക്ക് വിറ്റ് ഒഴിവാക്കുകയാണ് ഫാമുടകമകൾ.