കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിൽ 24.11 കോടി രൂപവരവും 23.98 കോടി രൂപ ചെലവും 12 ലക്ഷം നീക്കിയിരുപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ജലജ വിനോദ് അവതരിപ്പിച്ചു. പ്രസിഡന്റ് വി.ആർ. ശശി അദ്ധ്യക്ഷത വഹിച്ചു. കാർഷിക മേഖലയിൽ അധിഷ്ഠിതമായ ഉൽപാദന മേഖലയ്ക്ക് 53.30 ലക്ഷവും ലൈഫ് പദ്ധതി വായ്പ തിരിച്ചടവിനായി 46 ലക്ഷവും കുട്ടികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവരുടെ ഉന്നമനത്തിന് 30 ലക്ഷവും കുടിവെള്ള പദ്ധതികൾക്കായി 8.50 ലക്ഷവും റോഡ് വികസനത്തിന് 2.76 കോടിയും വകയിരുത്തി.
എന്നാൽ പഴഞ്ചൻ ബജറ്റുകളുടെ തനിയാവർത്തനമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. കാഞ്ചിയാറിൽ പഞ്ചായത്ത് ഓഫീസും ഷോപ്പിംഗ് കോംപ്ലക്സും നിർമിക്കാൻ സ്ഥലം വാങ്ങിയെങ്കിലും കെട്ടിട നിർമാണത്തിനു തുക അനുവദിച്ചിട്ടില്ല. അറ്റകുറ്റപ്പണിക്ക് തുക അനുവദിക്കാതെ പ്രധാനപാതയായ പള്ളിക്കവല ഭജനമഠം വെങ്ങാലൂർക്കവല റോഡിനെ തഴഞ്ഞു. പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതിനാൽ ഇപ്പോൾ അനുവദിച്ചിട്ടുള്ള തുക പര്യാപ്തമല്ല. കൂടാതെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ലൈഫ് പദ്ധതി തടസപ്പെടുത്തിയെന്നും പച്ചക്കറിത്തൈ, ജൈവവളം വിതരണത്തിലെ അഴിമതി അന്വേഷിക്കണമെന്നും യു.ഡി.എഫ്. അംഗങ്ങൾ ആവശ്യപ്പെട്ടു.