കട്ടപ്പന: ഇന്ത്യൻ ക്രിക്കറ്റ് ടീമിനു വേണ്ടി ജഴ്സി അണിയണമെന്ന സ്വപ്നം ബാക്കിയാക്കി നിർമൽ ജയ്‌മോൻ യാത്രയായി. തൊടുപുഴ മുട്ടത്തുണ്ടായ ബൈക്കപകടത്തിൽ പൊലിഞ്ഞത് കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലെ മികച്ച ഫാസ്റ്റ് ബൗളറെ. കൃത്യതയാർന്ന ഇൻ സ്വിംഗ്, ഔട്ട് സ്വിംഗ് ബൗളിംഗിലൂടെ ബാറ്റ്സ്മാൻമാർക്ക് വെല്ലുവിളിയുയർത്തിയിരുന്ന നിർമൽ ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി വാഗ്ദാനമായി മാറുമെന്ന് പരിശീലകൻ ഒ.എസ്. അനിൽകുമാറും സുഹൃത്തുക്കളും ഉറച്ചുവിശ്വസിച്ചിരുന്നു. കഴിഞ്ഞവർഷം നടന്ന ദേശീയ ക്യാമ്പിൽ ഇന്ത്യൻ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട 30 പേരിൽ കേരളത്തിൽ നിന്നുള്ള ഏക കളിക്കാരനും നിർമലായിരുന്നു. കട്ടപ്പന വലിയപാറ വള്ളോമാലിൽ ജയ്‌മോൻ- എൽസി ദമ്പതികളുടെ മകനായ നിർമൽ, അണ്ടർ 14 വിഭാഗത്തിലാണ് കേരള ടീമിൽ കളിച്ചുതുടങ്ങിയത്. രാജക്കാട് എൻ.ആർ. സിറ്റി സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ക്രിക്കറ്റിൽ സജീവമായത്. ബൗളിംഗ് മികവിലൂടെ ജില്ലാ ടീമിലും കേരള ടീമിലും എത്തി. 2019 ജനുവരിയിൽ അണ്ടർ 19 ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്ന പരിശീലന ക്യാമ്പിലും യോഗ്യത നേടിയിരുന്നു. ഹിമാചൽ പ്രദേശിൽ നടന്ന ഒരുമാസത്തെ പരിശീലന നാളുകളിൽ 18 വിക്കറ്റുകൾ നേടിയാണ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ നിന്ന് നിർമൽ ഉൾപ്പെടെ മൂന്നുപേർക്ക് മാത്രമാണ് അവസരം ലഭിച്ചത്. ക്യാമ്പിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിലേക്കുള്ള 30 അംഗ സംഘത്തിൽ നിർമലും ഉൾപ്പെട്ടിരുന്നു. 130ലധികം കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്ന നിർമൽ കഴിഞ്ഞവർഷം കേരള ടീമിനു വേണ്ടി നാലു കളികളിൽ നിന്നായി 18 വിക്കറ്റുകളാണ് നേടിയത്. പ്രധാന ടീമിൽ ഉൾപ്പെടാതിരുന്ന നിർമൽ, മറ്റൊരു ബൗളർക്ക് പരിക്കേറ്റപ്പോഴാണ് പകരക്കാരനായി ടീമിലെത്തിയത്. എന്നാൽ അവിസ്മരണീയ പ്രകടനത്തിലൂടെ ടീമിലെ മികച്ചതാരമായി മാറുകയായിരുന്നു. കൂടാതെ എം.ആർ.എഫ് നടത്തിയ ദേശീയ പരിശീലന ക്യാമ്പിൽ മികച്ച ബൗളറായും നിർമൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവിടെ വച്ച് ആസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഗ്ലെൻ മഗ്രാത്ത് നിർമലിനെ പരിശീലിപ്പിച്ചിരുന്നു. അണ്ടർ 14 വിഭാഗത്തിൽ കേരള ടീമിലെത്തിയ നിർമൽ അണ്ടർ 16 വിഭാഗത്തിൽ രണ്ടുവർഷവും അണ്ടർ 19 വിഭാഗത്തിൽ രണ്ടുവർഷവും കളിച്ചു. മികച്ച ആൾറൗണ്ടർ കൂടിയായ നിർമൽ രാജാക്കാട് ക്രിക്കറ്റ് അക്കാദമിയിൽ നിന്നാണ് പരിശീലകൻ ഒ.എസ്. അനിൽകുമാറിന്റെ കീഴിൽ പരിശീലനം ആരംഭിച്ചത്. മൂന്നുവർഷമായി തൊടുപുഴ അക്കാദമിയിൽ പരിശീലനം നടത്തിവരികയായിരുന്നു. മിതഭാഷിയും ശാന്തസ്വഭാവക്കാരനുമായ നിർമൽ, കേരള ടീമിനു വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങൾ ഇന്ത്യൻ ടീമിലേക്ക് എത്തിച്ചേരാനുള്ള ചവിട്ടുപടിയാകുമെന്ന് അനിൽകുമാറും ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാൽ അപകടത്തിന്റെ രൂപത്തിൽ നിർമലിനെ വിധി തട്ടിയെടുക്കുകയായിരുന്നു.