തൊടുപുഴ: ഭൂരിപക്ഷം സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഭാരവാഹികളായ പോഷകസംഘടനാ പ്രസിഡന്റുമാരും ഫ്രാൻസിസ് ജോർജിനൊപ്പമാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ മാത്യു സ്റ്റീഫൻ പറഞ്ഞു. പാർട്ടിയുടെ മുഴുവൻ പോഷക സംഘടനാ പ്രസിഡന്റുമാരും നേതാക്കൻമാരും ചെയർമാൻ ഫ്രാൻസീസ് ജോർജിന് പിന്തുണ നൽകി കത്തുനൽകിയിട്ടുണ്ട് 280 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ 240 പേരും 14 ജില്ലാ പ്രസിഡന്റുമാരിൽ 10 പേരും എട്ട് ജനറൽ സെക്രട്ടറിമാരിൽ ഏഴ് പേരും പാർട്ടിയോടൊപ്പമാണ്. ഇനിയും കള്ളപ്രചരണങ്ങൾ അവസാനിപ്പിച്ച് ആന്റണി രാജുവും കൂട്ടരും പാർട്ടിയിൽ തിരിച്ചുവരാൻ തയ്യാറാകണമെന്ന് മാത്യു സ്റ്റീഫൻ
പറഞ്ഞു. അടിസ്ഥാനരഹിതമായ വാർത്തകൾ നൽകിയും കള്ളപ്രചരണങ്ങൾ അഴിച്ചുവിട്ടും കേരളാ കോൺഗ്രസ് പാർട്ടിയെ സ്‌നേഹിക്കുന്നവരെ വിഡ്ഢികളാക്കാൻ ആരും ശ്രമിക്കേണ്ട. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മഹാ ഭൂരിപക്ഷം വരുന്ന പാർട്ടി പ്രവർത്തകരുടെയും കർഷക സമൂഹത്തിന്റെയും സ്വപ്നമായ പാർട്ടിയുടെ ഐക്യത്തിനുവേണ്ടിയാണ് ചെയർമാനും സഹ പ്രവർത്തകരും നിലകൊള്ളുന്നത്. ഭരണഘടന അനുസരിച്ച് രൂപീകരിച്ച ഉപദേശക സമിതിയിലെ അംഗങ്ങളായ സണ്ണി മണ്ണാത്തുകാരനും അഡ്വ. സ്റ്റീഫൻ ചാമപ്പറമ്പിലും ഈ പാർട്ടിയുടെ ഐക്യം യാഥാർത്ഥ്യമാക്കണം എന്ന കാര്യത്തിൽ ഉറച്ചുനിന്നു പ്രവർത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.