ചെറുതോണി: തെരുവുനായ്ക്കളിൽ നിന്നും രക്ഷപെട്ടോടിയ മ്ലാവിന് ദാരുണാന്ത്യം. ഇടുക്കി മെഡിക്കൽ കോളേജിന് സമീപത്ത് വനത്തിലൂടെ ഓടിയ മ്ലാവ് മുപ്പതടി ഉയരമുള്ള തിട്ടയിൽ നിന്ന് സംസ്ഥാന പാതയിലേക്ക് വീണാണ് ചത്തത്. ഒന്നര വയസുള്ള പെൺ മ്ലാവാണ് ചത്തത്. മ്ലാവിനെ പോസ്റ്റ് മോർട്ടത്തിന് ശേഷം വെള്ളപ്പാറ സ്റ്റേഷൻ ഓഫീസിന് സമീപം മറവു ചെയ്തു. രണ്ടാഴ്ച്ച മുൻപ് തെരുവുനായ്ക്കളിൽ നിന്നും ഓടി രക്ഷപെട്ട മ്ലാവും കുഞ്ഞ് സമീപത്തെ ഗുഹയ്ക്കുള്ളിൽ കയറി രക്ഷപെട്ടിരുന്നു. ജില്ലാ ആശുപത്രിയും ,ചെറുതോണി ടൗണും കേന്ദ്രീകരിച്ച് തെരുവ് നായ ശല്യം രൂക്ഷമാണ്. സമീപത്തെ വനമേഖലയിലെ മ്ലാവ്, കേഴ, കൂരമാൻ തുടങ്ങിയ ജീവികൾക്ക് ഈ തെരുവ് നായ്ക്കൾ ഭീഷണിയാവുകയാണ്. എന്നാൽ പ്രശ്നത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് തയ്യാറാവുന്നില്ലന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. നായ്ക്കളെ വന്ധീകരണം നടത്തിയ ശേഷം തെരുവിലേക്ക് അഴിച്ചുവിടുകയാണ് പഞ്ചായത്ത് ചെയ്തത്. തെരുവ് നായ്ക്കളെ പിടികൂടി വേലി കെട്ടി തിരിച്ച് സംരക്ഷിച്ചാൽ നായ്ക്കളുടെ ശല്യം നീയന്ത്രിക്കാനാവുമെന്ന് നാട്ടുകാർ പറയുന്നു.