തൊടുപുഴ: നാട് മുഴുവൻ കൊറോണയുടെ ഭയത്തിലാകുമ്പോഴും ഓരോ വീട്ടിലേയും അംഗങ്ങളുടെ ഭയമകറ്റാൻ ആശാപ്രവർത്തകരുടെ സേവനവും സജ്ജം. കൊറോണയുടെ ഭയാനകമായ ആശങ്കകൾ പുറത്ത് വന്നതോടെ ആശാപ്രവർത്തകർക്ക് ഇതുമായി ബന്ധപ്പെട്ടുള്ള പരിശീലനങ്ങളും നിർദ്ദേശങ്ങളും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നൽകി. നിലവിൽ ഓരോ തദ്ദേശസ്ഥാപനങ്ങുടെയും വാർഡുകൾ കേന്ദ്രീകരിച്ച് ആശാപ്രവർത്തകർ നടത്തി വരുന്ന ഒട്ടനവധിയായ പ്രവർത്തനങ്ങൾക്ക് പുറമെയാണ് കൊറോണയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും അവർ ഏറ്റെടുത്തിരിക്കുന്നത്. തദ്ദേശ സ്ഥാപന വാർഡുകളുടെ ചുമതലയുള്ള ആരോഗ്യ വകുപ്പ് എച്ച്. ഐ, ജൂനിയർ എച്ച്. ഐ. എന്നിവരുടെ നിയന്ത്രണത്തിൽ ഓരോ വാർഡിലും ഓരോ ആശാപ്രവർത്തകർ എല്ലാ സമയങ്ങളിലും സജ്ജമാണ്. ജില്ലാ ആരോഗ്യ വകുപ്പിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ആശാ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നത് അതാത് മേഖലകളിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമാണ്. പ്രവർത്തനം:- 2 നഗരസഭകളിലും 52 പഞ്ചായത്തുകളിലുമായി 970 ആശാ പ്രവർത്തകരാണ് ജില്ലയിൽ ജാഗ്രതയോടെ സജ്ജമായിട്ടുള്ളത്. ഏറ്റവും കൂടുതൽ വാർഡുകലുള്ള തൊടുപുഴ നഗരസഭയിലാണ് ഏറ്റവും കൂടുതൽ ആശാ പ്രവർത്തകർ. ഇവിടെ 35 ആശാ പ്രവർത്തകരാണുള്ളത്. രണ്ടാമത് കട്ടപ്പന നഗരസഭയിലും. ഇവിടെ 34 ആശാ പ്രവർത്തകരുണ്ട്. ഓരോ വാർഡിലേയും വീടുകളിലെ ആർക്കെങ്കിലും കൊറോണയുമായി ബന്ധപ്പെട്ട് പ്രശ്നം ഉണ്ടെന്ന് സംശയം തോന്നിയാൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം പ്രാഥമിക വിവരങ്ങൾ ശേഖരിക്കുന്നത് ആശാ പ്രവർത്തകരാണ്. കൂടാതെ സംശയം തോന്നുന്ന കേസുകൾ ജില്ലാ തലത്തിലുള്ള കൺട്രോൾ സെന്റലും പ്രദർശിക ആരോഗ്യ കേന്ദ്രങ്ങളിലും ഉടൻ അറിയിച്ച്‌ തുടർ നടപടികൾ സ്വീകരിക്കേണ്ടതും ആശാ പ്രവർത്തകരുടെ ഉത്തരവാദിത്വമാണ്. കൊറോണയുടെ സംശയം തോന്നുന്ന വീടുകളിലോ ആളുകളുടെ അടുത്തോ നേരിട്ട് പോകാതെ ഫോൺ വഴി വിവരം എടുത്താൽ മതി. വിദേശ രാജ്യങ്ങളിൽ നിന്ന് അടുത്ത കാലത്ത് ആരെങ്കിലും സമീപ പ്രദേശത്ത് എത്തിയിട്ടുണ്ടോ എന്ന വിവരം തിരക്കി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കണം. കൊറോണ രോഗികളുമായി ഇവർ അടുത്ത് ഇടപെടൽ നടത്തിയോ എന്ന കാര്യങ്ങളും, രോഗം ബാധിച്ച ആളുകളിൽ നിന്ന് മറ്റുള്ളവർക്ക് സുരക്ഷ ഒരുക്കുന്നതിന് ആവശ്യമായ സഹായം നൽകുന്ന കാര്യത്തിലും ആശാ പ്രവർത്തകരുടെ സേവനം ഉണ്ടാകണം .