തൊടുപുഴ: ജില്ലയിൽ കോവിഡ്- 19മായി ബന്ധപ്പെട്ട് ആശ്വാസകരമായ വാർത്തകളാണ് പുറത്തുവരുന്നത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 14 എണ്ണത്തിൽ ലഭിച്ച 12 പേരുടെ ഫലവും നെഗറ്റീവ് ആണ്. ജില്ലയിലാകെ 54 പേർ കോവിഡ്- 19 നിരീക്ഷണത്തിലുണ്ട്. ഡൽഹിയിൽ നിന്നെത്തിയ ഇടുക്കി മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ ഉത്തരേന്ത്യക്കാരന്റെയും ഫലം നെഗറ്റീവയതിനാൽ ഐസൊലേഷൻ വാർഡിൽ നിന്ന് ഇദ്ദേഹത്തെ മാറ്റി. മറ്റ് രണ്ട് പേരുടെയും പരിശോധന ഫലം ഇന്ന് ലഭിക്കും. നിരീക്ഷണത്തിൽ ഉള്ളവരെല്ലാം വീടുകളിലാണ് ഇപ്പോൾ കഴിയുന്നത്.

സംശയമുള്ളവർ വിളിക്കുക

കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് എത്തിയവരും രോഗം ഉണ്ടെന്ന് സംശയിക്കുന്നവരും നേരിട്ട് ആശൂപത്രിയിൽ വരേണ്ടതില്ല. അവർ ഏറ്റവും അടുത്തുളള ആരോഗ്യ സ്ഥാപനങ്ങളിലോ (ദിശ- 1056) 04862233130, 04862233111 ഈ നമ്പറുകളിൽ ബന്ധപ്പെടുക

ഇവ ശ്രദ്ധിക്കുക

 ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുക

 രോഗലക്ഷണമുള്ളവർ പൊതുപരിപാടികളും യാത്രയും ഒഴിവാക്കുക

 കൈകൾ സോപ്പും വെള്ളവുമോ ഹാൻഡ് സാനിട്ടൈസറോ ഉപയോഗിച്ച് കഴുകുക

 ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് മറയ്ക്കുക

 അനാവശ്യമായ ആശുപത്രി സന്ദർശനവും രോഗീ സന്ദർശനവും ഒഴിവാക്കുക

എങ്ങും ബോധവത്കരണ പരിപാടികൾ

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ കോവിഡ് 19 ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എച്ച്. ദിനേശൻ നിർവഹിച്ചു. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡണ്ടുമാർ, വിദ്യാഭ്യാസ വകുപ്പ്, ജീവനക്കാർ, വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി വിഭാഗം അസി. പ്രൊഫസർ ഡോ. മിനു ബോധവത്കരണ ക്ലാസ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, എ.ഡി.എം ആന്റണി സ്‌കറിയ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ഡെപ്യൂട്ടി ഡി.എം.ഒ സുഷമ പി.കെ എന്നിവർ പങ്കെടുത്തു. ജില്ലയിലെ പൊലീസ് ഉദ്ദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ബോധവത്കരണ യോഗത്തിൽ ജില്ലാ മെഡിക്കൽ ആഫീസർ ഡോ. എൻ. പ്രിയ ഡെപ്യൂട്ടി മെഡിക്കൽ ആഫീസർ ഡോ. പി.കെ സുഷമ എന്നിവർ പൊലീസ് വകുപ്പ് കൈകൊള്ളേണ്ട മുൻകരുതലുകളെക്കുറിച്ച് ബോധവത്കരണം നടത്തി. ജില്ലാ പൊലീസ് സൂപ്രണ്ട് പി.കെ. മധു അദ്ധ്യക്ഷത വഹിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോട്ടൽ, റിസോർട്ട്, ഹോം സ്റ്റേ, ലോഡ്ജ് തുടങ്ങിയ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റിനും ജീവനക്കാർക്കുമായി കുമളി സാന്ദ്രാ പാലസ് ആഡിറ്റോറിയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അനന്തു, കോവിഡ് 19 പ്രതിരോധവും മുൻകരുതലും സംബന്ധിച്ച് ക്ലാസ് നയിച്ചു.